Cerca

Vatican News
വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് 2018.10.17 വാര്‍ത്താസമ്മേളനം വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് 2018.10.17 വാര്‍ത്താസമ്മേളനം 

പരിസ്ഥിതി സംരക്ഷണത്തില്‍ യുവാക്കളുടെ പങ്ക്

പൊതുഭവനമായ ഭൂമി സംരക്ഷിക്കുന്നതില്‍ യുവജനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് വത്തിക്കാനില്‍ തുടരുന്ന സിനഡുസമ്മേളനം അഭിപ്രായപ്പെട്ടു. ചര്‍ച്ചകളെക്കുറിച്ചുള്ള വാര്‍ത്താസമ്മേളനത്തിലെ പ്രസക്തഭാഗങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഒക്ടോബര്‍ 17-Ɔο തിയതി ബുധനാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് സിനഡു പിതാക്കന്മാരുടെ പ്രതിനിധികള്‍ യുവാക്കളെയും പരിസ്ഥിതിയെയും ബന്ധപ്പെടുത്തി സംസാരിച്ചത്.  സിനഡിന്‍റെ പ്രവര്‍ത്തനരേഖയുടെ (Instrumentum Laboris) മൂന്നാമത്തെയും അവസാനത്തെയും ഭാഗത്താണ് “യുവജനങ്ങളും പരിസ്ഥിതി സംരക്ഷണവും” എന്ന വിഷയം പ്രതിപാദിക്കപ്പെടുന്നത്.

സഭ പരിസ്ഥിതിയുടെ പ്രേഷിത
വരും തലമുറയ്ക്കായി പൊതുഭവനമായ ഭൂമി സംരക്ഷിക്കപ്പെടേണ്ടതാണ്. സാമ്പത്തികവും പാരിസ്ഥിതികവുമായ ഇന്നിന്‍റെ ലോകത്ത് യുവജനങ്ങള്‍ക്ക് പ്രവാചക തുല്യമായ ദൗത്യമാണുള്ളത്. മനുഷ്യന്‍റെ പരിസ്ഥിതി വിനാശപ്രക്രിയയാല്‍ കേഴുന്ന ഭൂമിയെയും അതില്‍ ഇന്നു വസിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളെയും പരിപാലിക്കേണ്ട കടമ സഭയ്ക്കുണ്ട്.

അതിനാല്‍‍ ഭൂമിയെയും അതിന്‍റെ ഉപായസാധ്യതകളെയും ഉപയോഗിക്കുന്നതിലും, അതിലെ നിക്ഷേപങ്ങളിലും നിര്‍‍മ്മിതിയിലും ശ്രദ്ധാപൂര്‍വ്വകമായ നിയന്ത്രണം ആവശ്യമാണ്. ബഹുരാഷ്ട്ര കുത്തകക്കമ്പനികള്‍ നടത്തുന്ന ഭൂമിയുടെയും അതിന്‍റെ ഉപായസാധ്യതകളുടെയും ചൂഷണം വിനാശകരവും ദുരിതപൂര്‍ണ്ണവുമായ വിനകളാണ് ഇന്നു പരിസ്ഥിതിയില്‍ വിതയ്ക്കുന്നത്. അങ്ങനെ ഭൂമിയില്‍ ഇന്നു നടമാടുന്ന അതിന്‍റെ വിനാശപ്രക്രിയയും പ്രകൃതിവിനാശവും ജനലക്ഷങ്ങളുടെ കുടിയേറ്റത്തിന് കാരണമാക്കുന്നുണ്ട്.

യുവജനങ്ങളും തൊഴിലും
യുവജനങ്ങള്‍ കുടുംബത്തിന്‍റെ അന്നദാതാക്കളാണ്. അതിനാല്‍ അവരുടെ താല്പര്യങ്ങള്‍ക്ക് അനുസൃതമായി തൊഴില്‍ ലഭിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ സമ്പാദ്യത്തിനുവേണ്ടി മാത്രം തൊഴില്‍ എന്ന ആശയം തെറ്റാണ്. തൊഴില്‍ വ്യക്തിയുടെ അന്തസ്സിനെയും സമൂഹത്തിന്‍റെ നന്മയെയും ബലപ്പെടുത്തുന്നതാണ്. യുവജനങ്ങളുടെ ക്രിയാത്മകതയാണ് അവരുടെ തൊഴിലിലൂടെയും സമര്‍പ്പണത്തിലൂടെയും കുടുംബത്തിലും സമൂഹത്തിലും പ്രതിഫലിക്കേണ്ടത്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട സഭയുടെ സാമൂഹിക പ്രബോധനങ്ങളെക്കുറിച്ചും യുവജനങ്ങള്‍ അവബോധമുള്ളവരായിരിക്കണം.

വിശുദ്ധിയാര്‍ജ്ജിക്കേണ്ട യുവജനങ്ങള്‍
സഭയില്‍ പ്രതിസന്ധികളും വൈദിക മേല്ക്കോയ്മയുടെ പ്രശ്നങ്ങളും പൂര്‍വ്വോപരി തലപൊക്കുന്ന കാലഘട്ടമാണിത്. വൈദികരുടെ പോരായ്മകള്‍ മറച്ചുവയ്ക്കേണ്ട ആവശ്യമില്ല. എന്നാല്‍ അല്‍മായര്‍ സഭാപ്രവര്‍ത്തനങ്ങളില്‍നിന്നോ നേതൃസ്ഥാനങ്ങളില്‍നിന്നോ അതുകൊണ്ടു പിന്‍വാങ്ങേണ്ടതുമില്ല. തെറ്റുകള്‍ തിരുത്തുകതന്നെ വേണം. നവീകൃതരാകണം.

എല്ലാവരും വിശുദ്ധിയിലേയ്ക്കു വിളിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധിക്ക് ഒരു ആഗോള വ്യാപ്തിയാണുള്ളത്. അത് സഭയ്ക്കെന്നപോലെ സഭാമക്കള്‍ക്കും ജീവിതത്തില്‍ അര്‍ത്ഥം നല്കുന്നു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി സഭയിലുള്ള വിശുദ്ധാത്മാക്കളില്‍ 160 പേര്‍ യുവലോകത്തു നിന്നുമാണെന്ന വസ്തുത സിനഡുസമ്മേളനത്തില്‍ നിരീക്ഷിക്കപ്പെട്ടു. അവര്‍ ക്രൂശിതനായ ക്രിസ്തുവിന്‍റെ സ്നേഹിതരാണ്. സഹനത്തിലൂടെയും ത്യാഗത്തിലൂടെയും ക്രിസ്തുവിനെ അനുകരിച്ച് വിശുദ്ധിയുടെ പടവുകള്‍ കയറിയവരാണ്.

വാര്‍ത്താസമ്മേളനത്തിലെ സിനഡു പ്രതിനിധികള്‍ :
ഫ്രാന്‍സിലെ തെയ്സെ സമൂഹത്തിന്‍റെ ആത്മീയഗുരു ഫാദര്‍ ഈലോയ്,
സിസ്റ്റേഴ്സിയന്‍ സഭയുടെ ജനറല്‍ ഫാദര്‍ മാവുരോ ലപോരി,
ഐസ്ലാണ്ടിലെ റിജാവിക് രൂപതാമെത്രാന്‍ ബിഷപ്പ് ഡേവിഡ് ടെന്‍സര്‍, കപ്പൂചിന്‍
നവോത്ഥിത സഭയുടെ പ്രതിനിധി, പാസ്റ്റര്‍ മാര്‍കൊ ഫൊര്‍ണെറോണെ.

19 October 2018, 09:38