ചൈനയില്‍നിന്നെത്രിയ മെത്രാന്മാര്‍ ചൈനയില്‍നിന്നെത്രിയ മെത്രാന്മാര്‍ 

ചൈനയില്‍നിന്ന് രണ്ടു മെത്രാന്മാര്‍ സിനഡുസമ്മേളനത്തില്‍

ചരിത്രത്തില്‍ ഇദംപ്രഥമമായിട്ടാണ് ചൈനീസ് മെത്രാന്മാര്‍ സിനഡില്‍ പങ്കുചേരുന്നത്. യുവജനങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ 15-Ɔമത് സിനഡുസമ്മേളനത്തില്‍ പങ്കെടുക്കുന്ന മറ്റു പ്രതിനിധകളുടെ പേരുകള്‍ മുന്‍കൂറായി വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിരുന്നെങ്കിലും ഒക്ടോബര്‍ 2-Ɔο തിയതി ചൊവ്വാഴ്ചയാണ് ചൈനയില്‍നിന്നുമുള്ള രണ്ടു മെത്രാന്മാരുടെ പങ്കാളിത്തംകൂടി പ്രസ്താവനയിലൂടെ വത്തിക്കാന്‍ സ്ഥിരപ്പെടുത്തിയത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ചൈനയില്‍നിന്നെത്തിയ മെത്രാന്മാര്‍
ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ചേങ്ദേ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ജുവോ ജിങ്കായ്, 50 വയസ്സ്. ഫ്രാന്‍സില്‍ ലിയോനിലുള്ള കത്തോലിക്കാ യൂണിവേഴ്സിറ്റിയില്‍ സഭാപഠനം നടത്തിയിട്ടുണ്ട്. ഷാങ്ഹീ പ്രവിശ്യയിലെ യനാന്‍ രൂപതയുടെ മെത്രാന്‍ ബിഷപ്പ് ബാപ്റ്റിസ്റ്റ് യാങ് സിയോത്തിങ് 54 വയസ്സ്. റോമില്‍ ദൈവശാസ്ത്രപഠനം നടത്തിയിട്ടുണ്ട്. ചൈനയില്‍നിന്നും സിന‍ഡുസമ്മേളത്തിന്‍റെ ഉത്ഘാടന ദിവസമായ ഒക്ടോബര്‍ 3-Ɔο തിയതി ബുധനാഴ്ചയാണ് രണ്ടുപേരും വത്തിക്കാനില്‍ എത്തിച്ചേര്‍ന്നത്.

ചൈനയുടെ  മെച്ചപ്പെട്ട  പ്രതികരണം
വത്തിക്കാന്‍ ചൈന നയതന്ത്രബന്ധങ്ങള്‍ സെപ്തംബര്‍ മാസത്തില്‍ ഒരു താല്ക്കാലിക ഉടമ്പടിപ്രകാരം മെച്ചപ്പെട്ടതില്‍പ്പിന്നെ ആദ്യമായിട്ടാണ് വത്തിക്കാന്‍റെ പരിപാടിയില്‍ ഔദ്യോഗികമായി പങ്കെടുക്കാന്‍ ചൈനയിലെ സഭയുടെ പ്രതിനിധികള്‍ എത്തുന്നത്. ചൈനയിലെ സഭയുടെ പീഡനത്തിന്‍റെയും പരിത്യക്തതയുടെയും ഇരുണ്ട ചരിത്ര കാലഘത്തിനുശേഷം തെളിയുന്ന പ്രത്യാശയുടെ കിരണമാണ് രണ്ടു മെത്രാന്മാരുടെ വത്തിക്കാന്‍ സന്ദര്‍ശനവും സിനഡിലെ പങ്കാളിത്തവും.

മര്‍ദ്ധനത്തില്‍ അമര്‍ന്നുപോയവരും
സര്‍ക്കാര്‍ പക്ഷത്തേയ്ക്കു പിന്‍വാങ്ങിയവരും

പീപ്പിള്‍ റിപ്പബ്ലിക്ക് ഓഫ് ചൈന - കമ്മ്യുണിസ്റ്റ് പാര്‍ട്ടി 1949-ല്‍ ഭരണം ഏറ്റെടുത്തതോടെ ചൈനയിലെ കത്തോലിക്കാ സഭ മര്‍ദ്ധനത്തിന്‍റെ ഭീതിയില്‍ മെല്ലെ അപ്രത്യക്ഷമാവുകയാണുണ്ടായത്. സഭയെ നയിക്കേണ്ട അധികം മെത്രാന്മാരും വൈദികരും ജയിലില്‍ അടക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ നിയമിത അധികാരികളായ മെത്രാന്മാരാണ് പിന്നെ സഭാഭരണം നടത്താന്‍ ശ്രമിച്ചത്. അത് ചൈനയിലെ ബഹുഭൂരിപക്ഷം കത്തോലിക്കര്‍ നിഷേധിക്കുകയും ചെയ്തു. അതോടെ അജഗണങ്ങള്‍ ചിതറിപ്പോവുകയും നല്ലൊരു ശതമാനം ഒളിവില്‍ ജീവിക്കേണ്ടതായി വന്നു. കുറെപ്പേര്‍ റോമിനെ ധിക്കരിച്ചുകൊണ്ടുള്ള സര്‍ക്കാന്‍ നിയന്ത്രിത സഭയുടെ, അല്ലെങ്കില്‍ രാഷ്ട്രീയ സഭയുടെ ഭാഗമായും സൗകര്യാര്‍ത്ഥം ജീവിച്ചു.

ഉണരുന്ന ചൈനീസ് സഭ
ഇന്ന് ചൈനയിലെ കത്തോലിക്കര്‍ ഒരു കോടിയില്‍ അധികംമെന്ന് ഏകദേശം പറയുമെങ്കിലും, ശരിയായ കണക്കും സ്ഥായീഭാവമുള്ള രൂപതകള്‍ എന്നിവ ഇനിയും തിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു. ചൈനയിലെ കത്തോലിക്കര്‍ക്കായി പൊതുവായി എഴുതിയ ഇടയലേഖനത്തിന്‍റെ പശ്ചാത്തലത്തില്‍ മറവില്‍ക്കഴിയുന്നവരും വഴിതെറ്റിപ്പോയവരും അനുരഞ്ജിതരായി തിരിച്ചുവന്ന് ക്രിസ്തുവില്‍ നവീകൃതമായൊരു സഭ ചൈനയില്‍ നിരുപാധികമായി പുനര്‍സ്ഥാപിക്കണമെന്നാണ് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 October 2018, 19:52