ആര്‍ച്ചുബിഷപ്പ് ഔസാ പാപ്പായ്ക്കൊപ്പം ആര്‍ച്ചുബിഷപ്പ് ഔസാ പാപ്പായ്ക്കൊപ്പം 

ലോകസമാധാനത്തിന് നിയമവാഴ്ച അനിവാര്യം

സമാധാനവും നീതിയുമുള്ള ലോകം നിലനിര്‍ത്താന്‍ നിയമവാഴ്ച (Rule of Law) അനിവാര്യമാണെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്താ ഔസാ അഭിപ്രായപ്പെട്ടു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഒക്ടോബര്‍ 9-Ɔο തിയതി ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു ചേര്‍ന്ന നിയമനിഷ്ഠയെ സംബന്ധിച്ച അന്തര്‍ദേശീയ സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

നിയമവാഴ്ച അനിവാര്യം
ലോകത്ത് സമാധാനവും നീതിയും സമൃദ്ധിയും വേണമെങ്കില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ സാമൂഹ്യസംവിധാനങ്ങള്‍ക്ക് അടിസ്ഥാനമായി നിയമപാലനവും നിയമനിഷ്ഠയും വേണ്ടതാണ്.  കാരണം നിയമത്തിന്‍റെ അന്തസത്ത മനുഷ്യന്‍റെ അന്തസ്സും അവകാശവുമാണ്. നിയമനടപടികള്‍ വിശ്വസ്തയോടെ നടപ്പായെങ്കില്‍ മാത്രമേ സമൂഹത്തില്‍ വ്യക്തികളുടെ അന്തസ്സും അവകാശവും പാലിക്കപ്പെടുകയുള്ളൂ. വ്യക്തികളുടെ – അവന്‍റെയും അവളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ശാശ്വതവും സ്ഥായീഭാവവുമുള്ള നിയമങ്ങളുടെ അടിസ്ഥാനവും അടിത്തറയുമുള്ള തീര്‍പ്പാണ് നീതി എന്നു പറയുന്നത്.

2030-ല്‍ യുഎന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്ന സുസ്ഥിതി വികസന പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുതന്നെ ലോകത്ത് എവിടെയും മനുഷ്യാന്തസ്സും മനുഷ്യാവകാശവും മാനിക്കപ്പെടുന്ന നിയമനിഷ്ഠ പാലിക്കപ്പെടേണ്ടതാണ്.

വിശ്വസാഹോദര്യവും നിയമവാഴ്ചയും
ഐക്യരാഷ്ട്ര സംഘടയുടെ അടിസ്ഥാനരൂപം തന്നെ നിയമനിഷ്ഠയുടെ ആഗോളവ്യാപകമായ വികസനവും അതിന്‍റെ നീതിപൂര്‍വ്വമായ നടത്തിപ്പുമാണ്. വിശ്വസാഹോദര്യമെന്ന സമുന്നത ലക്ഷ്യം ലോകത്ത് പാലിക്കപ്പെടുന്നതില്‍ യുഎന്നിന്‍റെ അടിസ്ഥാന ലക്ഷ്യവും പ്രവര്‍ത്തനവും മനുഷ്യാന്തസ്സും നിയമപാലനവുമായി ബന്ധപ്പെട്ടിരിക്കുന്നു. യുഎന്നിന്‍റെ അടിസ്ഥാന പ്രവര്‍ത്തന ലക്ഷ്യവും പ്രവര്‍ത്തന രീതിയും നീതിയെന്ന ആശയത്തെ രാജ്യാന്തര നിയമമാക്കി പരിവര്‍ത്തനംചെയ്ത് അത് യാഥാര്‍ത്ഥ്യമാക്കുകയാണ്. അതിനാല്‍ യുഎന്നിന്‍റെ അടിസ്ഥാന ലക്ഷ്യമായ രാജ്യാന്തര തലത്തിലുള്ള സമാധാനത്തിന്‍റെയും സുരക്ഷയുടെയും സുസ്ഥിതിക്ക് നിയമനിഷ്ഠയും നിയമപാലനവും അടിയന്തിരമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസ തന്‍റെ പ്രബന്ധത്തിലൂടെ അഭിപ്രായപ്പെട്ടു.

രാജ്യാന്തര മനുഷ്യാവകാശ ഉടമ്പടികളും അവയുടെ ആദര്‍ശങ്ങളും നിയമരൂപീകരണത്തിലൂടെ രാഷ്ട്രങ്ങളില്‍ അവ നടപ്പാക്കാന്‍വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുകയാണ് അംഗരാഷ്ട്രങ്ങള്‍ക്കു നല്കാന്‍ യുഎന്നിന് സാധിക്കണമെന്നും ആര്‍ച്ചുബിഷപ്പ് ഔസ സദസ്സിനോട് അഭിപ്രായപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 October 2018, 19:02