പ്രകൃതിസൗഹൃദ ഊര്‍ജ്ജോല്‍പ്പാദനം-അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള  ഒരു ദൃശ്യം- കാറ്റാടിപ്പാടം പ്രകൃതിസൗഹൃദ ഊര്‍ജ്ജോല്‍പ്പാദനം-അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള ഒരു ദൃശ്യം- കാറ്റാടിപ്പാടം 

പരിസ്ഥിതിപ്രതിസന്ധി പരിഹൃതിക്ക് സത്വര നടപടികള്‍ ആവശ്യം!

പരിസ്ഥിതി സംരക്ഷണം-ആഗോളകത്തോലിക്കാസഭാ പ്രതിനിധികളുടെ സംയുക്ത പ്രസ്താവന

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പരിസ്ഥിതി പ്രതിസന്ധിയുടെ വിനാശകരങ്ങളായ ഫലങ്ങളെ നേരിടുന്നതിനും അവയെ അതിജീവിക്കുന്നതിനും തീവ്ര സത്വരനടപടികള്‍ സ്വീകരിക്കാന്‍ പഞ്ചഭൂഖണ്ഡങ്ങളിലെ കത്തോലിക്കാമെത്രാന്‍സംഘങ്ങളുടെ തലവന്മാര്‍ സര്‍ക്കാരുകളെ ആഹ്വാനം ചെയ്യുന്നു.

കാലാവസ്ഥമാറ്റത്തെ അധികരിച്ച് പോളണ്ടിലെ കത്തോവിച്ചില്‍ ഡിസംബറില്‍ ഐക്യര്യാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന സമ്മേളനം, കോപ് 24 (COP 24) മുന്നില്‍ കണ്ടുകൊണ്ടു വെള്ളിയാഴ്ച (26/10/18) വത്തിക്കാന്‍ റേഡിയോയുടെ  ആസ്ഥാനത്ത്, മര്‍ക്കോണിയുടെ നാമത്തിലുള്ള ശാലയില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രകാശനം ചെയ്യപ്പെട്ട സംയുക്തപ്രസ്താവനയിലാണ് ഈ ആഹാനമുള്ളത്.

ഏഷ്യയിലെ കത്തോലിക്കാമെത്രാന്‍സംഘങ്ങളുടെ സംയുക്ത സമിതിയുടെ, (എഫ്.എ.ബി.സി-FABC) അദ്ധ്യക്ഷന്‍ ബോംബെ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഓഷ്യാനയിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘങ്ങളുടെ സംയുക്തസമിതിയുടെ (എഫ്.സി.ബി.സി.ഒ FCBCO) അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് പീറ്റര്‍ ലോയ് ചോങ്, യൂറോപ്യന്‍ സമിതിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ (COMECE) ആര്‍ച്ചുബിഷപ്പ് ഷാന്‍ ക്ലോഡ് ഹൊള്ളെറിച്ച്, യൂറോപ്പിലെ മെത്രാന്മാരുടെ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ബഞ്ഞാസ്കൊ, ആഫ്രിക്കയിലെയും മഢഗാസ്ക്കറിലെയും കത്തോലിക്കാമെത്രാന്‍സംഘങ്ങളുടെ സമിതിയുടെ  (SECAM) അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഗബ്രിയേല്‍ ഇംബിലിംഗി എന്നീ പിതാക്കന്മാര്‍ ഈ സംയുക്തപ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.

ഈ പ്രസ്താവനയുടെ പ്രകാശനച്ചടങ്ങില്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും ആര്‍ച്ചുബിഷപ്പ് ഷാന്‍ ക്ലോഡ് ഹൊള്ളെറിച്ചും യുവജനത്തെ അധികരിച്ച് വത്തിക്കാനില്‍ നടന്നുവരുന്ന സിനഡില്‍ പങ്കെടുക്കുന്ന ഓഷ്യാനയിലെ സമോവ ദ്വീപിലുള്ള  യുവപരിസ്ഥിതി പ്രവര്‍ത്തകന്‍ ജോസഫ് മൊയെവൊനൊ കോലിയൊയും സംസാരിച്ചു.

ആഗോള താപനിലയിലുള്ള വര്‍ദ്ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസിലധികം  ആകാതിരിക്കുന്നതിനുവേണ്ട നയരൂപീകരണത്തിന്‍റെ അടിയന്തിരാവശ്യകത ഈ പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 October 2018, 13:30