തിരയുക

ആദ്യപ്രതി ഫാദര്‍ അബ്രാഹം കവളക്കാട്ട്  പാപ്പായ്ക്കു സമ്മാനിച്ചപ്പോള്‍ ആദ്യപ്രതി ഫാദര്‍ അബ്രാഹം കവളക്കാട്ട് പാപ്പായ്ക്കു സമ്മാനിച്ചപ്പോള്‍ 

ഇതരമതങ്ങളുടെ രക്ഷയെ സംബന്ധിച്ച അത്യപൂര്‍വ്വഗ്രന്ഥം

“ദൈവത്തിന്‍റെ അത്ഭുതാവഹമായ വഴികളും ഇതര മതങ്ങളുടെ രക്ഷയെ സംബന്ധിച്ച സഭയുടെ പ്രബോധനാധികാരവും”. ഗ്രന്ഥകര്‍ത്താവ് : ഫാദര്‍ ഡോ. എബ്രാഹം കവളക്കാട്ട് എസ്.ഡി.ബി..

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഗ്രന്ഥപ്രകാശനകര്‍മ്മം
ഒക്ടോബര്‍ 29-Ɔο തിയതി, തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 5.30-ന് റോമിലെ മാര്‍ക്കോണി ഹാളില്‍ പുസ്തകം പ്രകാശനംചെയ്യപ്പെടും. ഹോണ്ടൂരാസിലെ തെഗൂചിഗല്‍പാ അതിരൂപതാദ്ധ്യക്ഷനും സഭാനവീകരണത്തിനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സി9 കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ കോര്‍ഡിനേറ്ററുമായ സലേഷ്യന്‍ കര്‍ദ്ദിനാള്‍, ഓസ്ക്കര്‍ റോഡ്രിഗ്സ് മരദിയാഗ പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കും.

ഗ്രന്ഥകര്‍ത്താവ്, ഫാദര്‍ ഡോ. എബ്രാഹം കവളക്കാട്ട് സലീഷ്യന്‍ സഭാംഗവും വത്തിക്കാന്‍ മുദ്രണാലയം ബിസിനസ് വിഭാഗം ഡിയറക്ടറും, മാധ്യമവകുപ്പിന്‍റെ അജപാലന-ദൈവശാസ്ത്ര വിഭാഗം പ്രവര്‍ത്തകനുമാണ്. ഫ്ര്ലോറന്‍സ് യൂണിവേഴ്സിറ്റിയില്‍നിന്നും (University of Florence) സൈദ്ധാന്തിക ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദമുള്ള ഫാദര്‍ എബ്രാഹം തന്‍റെ ഡോക്ടറല്‍ പ്രബന്ധം വികസിപ്പിച്ചാണ് ബൃഹത്തായ ഈ പഠനഗ്രന്ഥം പുറത്തിറക്കുന്നത്.  20 വര്‍ഷത്തിലധികം ഇറ്റലിയില്‍ അജപാലനശുശ്രൂഷ ചെയ്തിട്ടുള്ള ഫാദര്‍ കവളക്കാട്ടിന്‍റ മൂലരചന ഇറ്റാലിയന്‍ ഭാഷയിലാണ് -
“Vie meravigliose di Dio, Il magistero della Chiesa sulla salvezza dei non-cristiani”. ഇതര മതങ്ങളിലെ രക്ഷയെ സംബന്ധിച്ച സഭയുടെ പ്രബോധനാധികാരവും വീക്ഷണവും വ്യക്തമാക്കുന്ന 750 പേജുകളുള്ള ഗവേഷണപഠന ഗ്രന്ഥം വത്തിക്കാന്‍റെ പ്രസിദ്ധീകരണശാലയാണ് (Libreria Editrice Vaticana) പുറത്തുകൊണ്ടുവരുന്നത്.

പ്രകാശനകര്‍മ്മത്തിലെ വിശിഷ്ടാതിഥികള്‍
വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ പ്രീഫെക്ട്, ഡോ. പാവൂളോ റുഫീനി ആശംസ അര്‍പ്പിക്കും, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, മിഗുവേല്‍ ആഞ്ചെല്‍ ഔസോ ഗ്വിക്സോ ആമുഖപ്രഭാഷണം നടത്തും. ഫിറന്‍സേ അതിരൂപതയുടെ വികാരി ജനറലും ദൈവശാസ്ത്ര പണ്ഡിതനുമായ മോണ്‍സീഞ്ഞോര്‍ അന്ത്രയ ബെലാണ്ടി പുസ്തക പരിചയം നടത്തും. വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ സ്ഥാനപതി, ഡോ. സിബി ജോര്‍ജ്ജ് ഐ.എഫ്.എസ്., സലീഷ്യന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയുടെ (Universita Pontificia Salesiana) റെക്ടര്‍, കര്‍ദ്ദിനാള്‍ റഫായേല്‍ ഫരീന എസ്.ഡി.ബി, മ്യാന്മാറിലെ യംഗൂണ്‍ അതിരൂപതാദ്ധ്യക്ഷന്‍, സലേഷ്യന്‍ കര്‍ദ്ദിനാള്‍ ചാള്‍സ് മവൂങ് ബോ... എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

ഫാദര്‍ കവളക്കാട്ടിനെക്കുറിച്ച്
ഫാദര്‍ എബ്രാഹം കവലക്കാട്ട് കേരളത്തില്‍ ഏഴാഞ്ചേരി സ്വദേശിയും പാലാ രൂപതാംഗവുമാണ്. 1975-ല്‍ സലീഷ്യന്‍ സഭാംഗമായി പ്രേഷിത രംഗത്തെത്തി. റോമിലെ സലീഷ്യന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ആദ്ധ്യാത്മിക ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റ് (Lincenciate) എടുത്തിട്ടുണ്ട്. തുടര്‍ന്ന് ഫിറെന്‍സേയിലെ ദൈവശാസ്ത്ര വിദ്യാപീഠത്തില്‍നിന്നും ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി. കൗണ്‍സിലിങ്, ഗ്രാഫിക് ആര്‍ട്സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവുമുണ്ട്. ബിസിനസ്സ് മാനേജ്മെന്‍റ്, ഡിസൈനും വര്‍ണ്ണങ്ങളും, അപ്പസ്തോലന്‍ തോമസ് എന്നിവ ഫാദര്‍ കവളക്കാട്ടിന്‍റെ മറ്റു രചനകളാണ്.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 October 2018, 17:46