നവവാഴ്ത്തപ്പെട്ട തിബൂര്‍സിയൊ അര്‍നയ്സ് മുഞ്ഞൊസ് നവവാഴ്ത്തപ്പെട്ട തിബൂര്‍സിയൊ അര്‍നയ്സ് മുഞ്ഞൊസ് 

നവവാഴ്ത്തപ്പെട്ട തിബൂര്‍സിയൊ അര്‍നയ്സ് മുഞ്ഞൊസ്

ഈശോസഭാ വൈദികന്‍ തിബൂര്‍സിയൊ അര്‍നയ്സ് മുഞ്ഞൊസിനെ വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബെച്ചു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പാവപ്പെട്ടവര്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഈശോസഭാ വൈദികന്‍ തിബൂര്‍സിയൊ അര്‍നയ്സ് മുഞ്ഞൊസ് (Tiburcio Arnáiz Muñoz) വാഴ്ത്തപ്പെട്ടപദത്തിലേക്കുയര്‍ത്തപ്പെട്ടു.

ശനിയാഴ്ച (20/10/18) സ്പെയിനിലെ മലാഗ രൂപതയില്‍ വച്ചായിരുന്ന വാഴ്ത്തപ്പെട്ട പദപ്രഖ്യാപന തിരുക്കര്‍മ്മം.

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബെച്ചു ഈ തിരുക്കര്‍മ്മത്തില്‍ ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ടു മുഖ്യകാര്‍മ്മികത്വം വഹിച്ചു.

താന്‍ ജീവിച്ച സാഹചര്യങ്ങളെ ക്രസ്തുവിന്‍റെ പ്രബോധനങ്ങളാല്‍ പൂരിതമാക്കിക്കൊണ്ട് ലോകത്തില്‍ സഭയുടെ ദൗത്യത്തിന് സംഭാവനയേകിയ പുണ്യാത്മാവാണ് നവവാഴ്ത്തപ്പെട്ട തിബൂര്‍സിയൊ അര്‍നയ്സ് മുഞ്ഞൊസ് എന്ന് സുവിശേഷപ്രഭാഷണവേളയില്‍ കര്‍ദ്ദിനാള്‍ ബെച്ചു അനുസ്മരിച്ചു.

സ്പെയിനിലെ വടക്കുപടിഞ്ഞാറെ പട്ടണമായ വയ്യദൊളിതില്‍ 1865 ആഗസ്റ്റ് 11 ന് ജനിച്ച തിബൂര്‍സിയൊ അര്‍നയ്സ് മുഞ്ഞൊസിന് അഞ്ചാമത്തെ വയസ്സില്‍ പിതാവിനെ നഷ്ടമായി. തുടര്‍ന്ന്, മാതാവിനോടും തന്നെക്കാള്‍ 7 വയസ്സിന് മൂത്ത സഹോദരിയോടുമൊപ്പം ദാരിദ്ര്യാവസ്ഥയിലായിരുന്നു തിബൂര്‍സിയൊയുടെ ജീവിതം. പിന്നിട് സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം 1890 ഏപ്രില്‍ 20 ന് പൗരോഹിത്യം സ്വീകരിച്ചു. കുറച്ചു നാള്‍ ഇടവകകളില്‍ സേവനമനുഷ്ഠിച്ച തിബൂര്‍സിയൊ അമയ്സ് മുഞ്ഞൊസ് ദൈവവിജ്ഞാനീയത്തില്‍ ഉപരിപഠനം നടത്തുകയും ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു. കുറച്ചുനാള്‍ ധ്യാന പ്രാസംഗികനായും നടന്ന അദ്ദേഹം പട്ടിണിപ്പാവങ്ങള്‍ക്കിടയില്‍ ശുശ്രൂഷചെയ്യുന്നതിനിറങ്ങിത്തിരിച്ചു. അതിനിടയില്‍ ശ്വാസകോശസംബന്ധിയായ രോഗം പിടിപെട്ട തിബൂര്‍സിയൊ അര്‍നയ്സ് മുഞ്ഞൊസ് 1926 ജൂലൈ 18 ന് മലാഗയില്‍ വച്ച് മരണമടഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 October 2018, 13:03