നവവാഴ്ത്തപ്പെട്ടവര്‍: വൈദികന്‍ തൂല്യൊ മറൂത്സൊ (ഇടത്ത്),  ലൂയിസ് ഒബ്ദൂല്യൊ അറൊയൊ നവാരൊ (വലത്ത്) നവവാഴ്ത്തപ്പെട്ടവര്‍: വൈദികന്‍ തൂല്യൊ മറൂത്സൊ (ഇടത്ത്), ലൂയിസ് ഒബ്ദൂല്യൊ അറൊയൊ നവാരൊ (വലത്ത്) 

സാര്‍വ്വത്രികസഭയ്ക്ക് രണ്ടു വാഴ്‍ത്തപ്പെട്ടവര്‍ കൂടി!

ഫ്രാന്‍സിസ്ക്കന്‍ കപ്പൂച്ചിന്‍ സമൂഹമായ ഓര്‍ഡര്‍ ഓഫ് ഫ്രയേഴ്സ് മൈനര്‍ അംഗമായ ഇറ്റലിക്കാരനായ വൈദികന്‍ തൂല്യൊ മറൂത്സൊയും, ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാംഗമായ, ഗോട്ടിമാല സ്വദേശി, അല്മായന്‍ ലൂയിസ് ഒബ്ദൂല്യൊ അറൊയൊ നവാരൊയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു. ഇരുവരും നിണസാക്ഷികള്‍.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മദ്ധ്യഅമേരിക്കാന്‍ നാടായ ഗോട്ടിമാലയില്‍ രണ്ടു നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവര്‍.

ഫ്രാന്‍സിസ്ക്കന്‍ കപ്പൂച്ചിന്‍ സമൂഹമായ ഓര്‍ഡര്‍ ഓഫ് ഫ്രയേഴ്സ് മൈനര്‍ അംഗമായ വൈദികന്‍ തൂല്യൊ മറൂത്സൊ, ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാംഗമായ അല്മായന്‍ ലൂയിസ് ഒബ്ദൂല്യൊ അറൊയൊ നവാരൊ എന്നീ ദൈവദാസരാണ് ശനിയാഴ്ച  (27/10/18) വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത്.

1981 ജൂലൈ 1 ന് രക്തസാക്ഷിത്വം വരിച്ചവരാണ് ഇരുവരും.

ഗോട്ടിമാലയിലെ മൊറാലെസ് ആയിരുന്നു വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മ വേദി.

ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട്, വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബെച്ചു ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

നവവാഴ്ത്തപ്പെ വൈദികന്‍ തൂല്യൊ മറൂത്സൊ ഇറ്റലിയിലെ വിച്ചേന്‍സ പ്രവിശ്യക്കാരനാണ്.1929 ജൂലൈ 23നായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. ഇരട്ട സഹോദരനായ ഡാനിയേലിനോടൊപ്പം 1953 ജൂണ്‍ 21ന് പൗരോഹിത്യം സ്വീകരിച്ച മറൂത്സൊ 1960 ല്‍ ഗോട്ടിമാലയില്‍ പ്രേഷിതപ്രവര്‍ത്തനത്തിനെത്തി.

മതബോധകനായിരുന്ന നവവാഴ്ത്തപ്പെട്ട ലൂയിസ് ഒബ്ദൂല്യൊ അറൊയൊ നവാരൊ ഗോട്ടിമാല സ്വദേശിയാണ്. 1950 ജൂണ്‍ 21 ജനച്ച അദ്ദേഹം ലോസ് അമാത്തെസ് നഗരസഭയില്‍ ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്നു. ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭയില്‍ ചേരുകയും മതബോധനരംഗത്ത് സജീവമാകുകയും ചെയ്തു അദ്ദേഹം.

ലൂയിസ് ഒബ്ദൂല്യൊ അറൊയൊ നവാരൊയും തൂല്യൊ മറൂത്സൊയും ലോസ് അമാത്തെസില്‍ ഒരു യോഗത്തില്‍ സംബന്ധിച്ചതിനു ശേഷം തിരിച്ചു പോകവേ ഒളിപ്പോരാളികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 October 2018, 18:00