Cerca

Vatican News
റ്റെഡും കുടുംബവും റ്റെഡും കുടുംബവും  (ANSA)

ഡബ്ലിനില്‍ സംഗമത്തില്‍ ഇന്ത്യന്‍ കുടുംബത്തിന്‍റെ മാധ്യമവീക്ഷണം

അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ ‌ആഗസ്റ്റ് 21-മുതല്‍ 26-വരെ നടന്ന കുടുംബങ്ങളുടെ ആഗോളസംഗമത്തിലെ ശ്രദ്ധേയമായ ഇനമായിരുന്നു സാംസ്ക്കാരിക സംഗമം. ‍ഡബ്ലിനിലെ ക്രോക്ക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ ആഗസ്റ്റ് 25-Ɔο തിയതി സായാഹ്നത്തില്‍ കുടുംബങ്ങള്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം സംഗമിച്ച സുന്ദരവേദിയില്‍ കുടുംബങ്ങളില്‍ ആധുനിക മാധ്യമങ്ങള്‍ക്കുള്ള സ്വാധീനത്തെക്കുറിച്ചു ഇന്ത്യന്‍ ദമ്പതികള്‍ നിഷയും റ്റെ‍ഡും പങ്കുവച്ചു. തുടര്‍ന്ന് അവരുടെ ജീവിതാനുഭവത്തെ വിലയിരുത്തിക്കൊണ്ട് പാപ്പാ ഫ്രാന്‍സിസും ഹ്രസ്വപ്രഭാഷണം നടത്തി.:

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വീഡിയോ - ഇന്ത്യന്‍ കുടുംബം ഡബ്ലിനില്‍

ക്രോക്ക് പാര്‍ക്ക് വേദിയിലെ ഇന്ത്യന്‍ കുടുംബം
അയര്‍ലണ്ടിലെ മാത്രമല്ല, യൂറോപ്പിലെയും ലോകത്തിലെയും ശ്രദ്ധേയമായ സ്റ്റേഡിയങ്ങളില്‍ ഒന്നാണ് ക്രോക്ക് പാര്‍ക്ക് സ്റ്റേഡിയം. 80,000-ല്‍പ്പരം പ്രേക്ഷകര്‍ക്കുള്ള ഇരിപ്പിടവും മറ്റ് അവതരണ സൗകര്യങ്ങളും ഈ സ്റ്റേഡിയത്തെ വിലപ്പെട്ടതും ആകര്‍ഷകവുമാക്കുന്നു. അവിടെകുടുംബങ്ങളുടെ നിറഞ്ഞ വേദിയിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസ് തുറന്ന വാഹനത്തില്‍ ആനീതനായത്. 9-Ɔമത് ആഗോള കുടുംബ സംഗമത്തില്‍ കുടുംബങ്ങള്‍ക്കൊപ്പമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമപരിപാടിയുമായിരുന്നു അത്. ആഗസ്റ്റ് 25 ശനിയാഴ്ചയുടെ തെളിഞ്ഞ സായം പ്രഭയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ പാപ്പായെ എഴുന്നേറ്റുനിന്ന് ഹസ്താരവത്തോടെയും സംഗീതത്തിന്‍റെ അകമ്പടിയോടെയും വരവേറ്റു. സ്വാഗതാശംസയെ തുടര്‍ന്നു നടന്ന റ്റെഡ് കുടുംബത്തിന്‍റെ ജീവിതാനുഭവത്തിന് കാതോര്‍ക്കാം!

ഡബ്ലിനില്‍ ആവേശമായ റ്റെഡ് കുടുംബം
കുടുംബങ്ങളുടെ സാംസ്ക്കാരിക വേദിയില്‍ നടന്ന വിവിധ ഇനങ്ങളില്‍ ഇന്ത്യയിലെ മുംബൈ നഗരത്തില്‍നിന്നുമെത്തിയ നിഷ-റ്റെഡ് ദമ്പതികളുടെയും അവരുടെ മക്കളുടെയും കഥ പങ്കുവച്ചു: നിഷയ്ക്കും റ്റെഡിനും മൂന്നു മക്കളാണ് - റീയ, ജൈരോ, ഏറ്റവും ഇളയത് മീരാ... അവര്‍
16, 14, 9 വയസ്സുകള്‍ യഥാക്രമം പ്രായമുള്ള കുട്ടികളാണ്. അവരുടെ ലാളിത്യമാര്‍ന്ന വസ്ത്രവിതാനത്തിലും, സംസാരത്തിലും പെരുമാറ്റ രീതിയിലും ഭാരതീയത സ്ഫുരിക്കുന്നുണ്ടായിരുന്നു. മാതാപിതാക്കളും മക്കളും വലിയ വേദിയില്‍ ചെറുപുഞ്ചിരിയോടും ആത്മവിശ്വാസത്തോടുംകൂടെ നിന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് ആ കുടുംബത്തെക്കുറിച്ച് അഭിമാനവും സന്തോഷവും മനസ്സില്‍ ഊറിവന്നത് ആര്‍ത്തിരമ്പലായി സ്റ്റേഡിയത്തില്‍ മുഴങ്ങി.

അമ്മ നിഷ തുടക്കമിട്ട കുടുംബകഥ
നമസ്തേ, പരിശുദ്ധ പിതാവേ, പ്രിയ കുടുംബങ്ങളേ, വിശിഷ്ടവ്യക്തികളേ, സഭാദ്ധ്യക്ഷന്മാരേ...
കുടുംബങ്ങളുടെ ഈ ആഗോളസംഗമത്തില്‍ പങ്കുചേരാന്‍ ഇന്ത്യയില്‍നിന്നു വരുന്ന ഞങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത്, എങ്ങനെ നവസാങ്കേതികതയോടും മാധ്യമലോകത്തോടും കുടുംബങ്ങള്‍ക്ക് പൊരുത്തപ്പെട്ടു ജീവിക്കാമെന്നാണ്. ഞങ്ങളുടെ കുടുംബകഥ പറയുന്നതിലും നല്ലത് ഒരു ചെറിയ വീഡിയോ പ്രദര്‍ശിപ്പിക്കാം. പാപ്പാ ഫ്രാന്‍സിസിനെയും നിങ്ങളെ എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു!

ഒരു കുടുംബകഥ
എന്‍റെ പേര് റ്റെഡ്! മുംബൈയിലാണ് താമസം, നിഷയെ വിവാഹം കഴിച്ചു. ഞങ്ങള്‍ക്ക് മൂന്നു കുട്ടികളാണ്. പണ്ട് നിഷയെ കോളെജില്‍വച്ചാണ് ആദ്യം കണ്ടുമുട്ടിയത്. പരസ്പരം ഇഷ്ടപ്പെട്ടു. പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ വിവാഹം കഴിച്ചു. ഇപ്പോള്‍ 19 വര്‍ഷങ്ങള്‍ പിന്നിട്ടു. ആദ്യകാലങ്ങളില്‍ ജോലിയും കുടുംബവുമായി മല്ലടിക്കുകയായിരുന്നു. ജോലിത്തിരക്കുകൊണ്ട് കുട്ടികളുടെ കാര്യങ്ങള്‍ നോക്കാന്‍ പറ്റാതെയായി. കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കുറവായതുപോലെ! കുട്ടികള്‍ - രണ്ടു പെണ്ണും ഒരാണും! പെട്ടന്നാണ് അവര്‍ വളരുന്നത്!!

മക്കള്‍ക്കുവേണ്ടി ഒരു മാറ്റം
ചിന്തിച്ചു. എന്തിനാണ് പ്രാധാന്യം...? കുടുംബത്തിനോ ജോലിക്കോ? ഒരു തീരുമാനമെടുക്കണം. ദൈവം തോന്നിച്ചതാകാം! ഞാന്‍ പകല്‍ മുഴുവന്‍ സമയവും ജോലിയെടുക്കുന്നതിനു പകരം, ഒരു “പാര്‍ട് ടൈം...” (part-time)  ജോലിയില്‍ പ്രവേശിക്കാം. അതു മുമ്പൈ നഗരത്തില്‍ എളുപ്പവുമായിരുന്നു. എന്നിട്ട് ബാക്കി സമയം മക്കളുടെകൂടെ ചെലവഴിക്കാന്‍ തുടങ്ങി. നിഷ, ഭാര്യ പതിവുപോലെ മുഴുദിവസം ഓഫീസിലും പിന്നെ വീട്ടു ജോലികളുമായിത്തന്നെ തുടര്‍ന്നു.

ഞാന്‍ ജോലി തീര്‍ത്ത് നേരത്തെ എത്തുന്നതിനാല്‍ ക്ലാസ്സു കഴിഞ്ഞെത്തുന്ന കുട്ടികളുടെകൂടെ കളിക്കും, പഠിക്കും, അവരെ പഠിപ്പിക്കും, അവര്‍ക്കൊപ്പം ടി.വി. കാണും, ഭക്ഷണമൊരുക്കും... ജീവിതം പിന്നെയും രസകരമായി. മക്കളും എന്‍റെ സാന്നിദ്ധ്യം വിലമതിക്കുന്നതായി അനുഭവപ്പെട്ടു. ഇന്ത്യയില്‍, പ്രത്യേകിച്ച് നഗരങ്ങളില്‍ മാധ്യമങ്ങള്‍ക്ക്...ടി.വി. പരിപാടികള്‍ക്ക് വലിയ പ്രിയമാണ്. അത് സിനിമയും ഉല്ലാസപിരപാടികളും, സീരിയലും, സംഗീതവും തമാശയും ക്വിസ്സും “റിയാലിറ്റി ഷോ”യും വാര്‍ത്തകളും എല്ലാമാണ്. നിഷയ്ക്കും എനിക്കും മനസ്സിലായി മാധ്യമങ്ങള്‍ നല്ലതാണ്. എന്നാല്‍ കുടുംബജീവിതത്തില്‍ അതിന്‍റെ ഉപയോഗം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ കുടുംബത്തിലെ സ്നേഹത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും സന്തോഷമുള്ള അന്തരീക്ഷം നഷ്ടമാകുമെന്ന്. മാധ്യമങ്ങള്‍ നല്കുന്ന സൗകര്യങ്ങള്‍... ലോകത്തിന്‍റെ മറുകരവരെ എത്താവുന്ന... ഏതു മുക്കിലും മൂലയിലും എത്തിച്ചേരാന്‍ സാധിക്കുന്ന.. വ്യക്തികളെയും സമൂഹങ്ങളെയും കുടുംബങ്ങളെയും “കണക്ട്”ചെയ്യുന്ന ക്രിയാത്മകമായ ഉപകരണങ്ങളാണ്. ചിലപ്പോള്‍ “ഡിസ്കണക്ട്”ചെയ്യാനും!

“മുഖപ്പുസ്തക”ത്തെക്കുറിച്ച് മൂത്തകുട്ടി
ഫെയ്സ് ബുക്ക് (face book) വന്നപ്പോള്‍ ഉപയോഗിച്ചു തുടങ്ങാമെന്നു കരുതി.
അമ്മ പറഞ്ഞു. രണ്ടുവര്‍ഷം കഴിയട്ടെ... 16.. അല്ലേ! 18 ആവട്ടെ!.. പിന്നീട് മനസ്സിലായി... അതു നന്നായെന്ന്! അങ്ങനെ മറ്റു കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തി. ഇപ്പോള്‍ ഫെയ്സ് ബുക്കുണ്ട്.. അപൂര്‍വ്വമായും, അത്യാവശ്യത്തിനും ഉപയോഗിക്കും.

ഇളയകുട്ടിയുടെ സന്തോഷം
ഞായറാഴ്ചകളില്‍ രസമാണ്. ഞങ്ങള്‍ വീടും പള്ളിയുമൊക്കെ കഴിഞ്ഞ്... പുറത്തുപോകും ചിലപ്പോള്‍ ബാസ്ക്കറ്റ്ബോള്‍ കളിക്കും ബീച്ചിലും പാര്‍ക്കിലും പോകും...! നല്ല രസമാണ്. കുടുംബത്തിന്‍റെ കൂട്ടായ്മയില്‍...!!

റീയയുടെ പക്വമാര്‍ന്ന ധ്യാനം  
അങ്ങനെ കുടുംബത്തില്‍ ഞങ്ങള്‍ പരസ്പരവും, പുറത്ത് മറ്റുള്ളവരുമായും നേര്‍ക്കാഴ്ചകളും കൂടിക്കാഴ്ചകളുമാണ് ശീലിച്ചത്. മുഖപ്പുസ്തകത്തിലൂടെയുള്ള സൗഹൃദവും കൂടിക്കാഴ്ചകളും നല്ലതാണ്, ഒരു പരിധിവരെ!

മാധ്യമങ്ങള്‍ നല്ലതാണ്
എന്‍റെ ചിന്തയിലും അനുഭവത്തിലും സാങ്കേതികതയ്ക്കു മാത്രം അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവില്ല. രണ്ടും വേണം...! കുടുംബവും സാങ്കേതികതയും,  സമൂഹവും സാങ്കേതികതയും.. രണ്ടും തമ്മില്‍ ഒരു സന്തുലിതമായ കാഴ്ചപ്പാട് അനിവാര്യമാണ്! ഈ ലോകത്ത് ദൈവം എല്ലാം നല്ലതായി തന്നെങ്കില്‍ ടെക്നോളജിയിലും അവിടുന്ന് സന്നിഹിതനാണ്! ടെക്നോളജി നല്ലതാണ്, മനുഷ്യന് ആവശ്യമാണ്.

ഞങ്ങളുടെ കുടുംബകഥ ശ്രവിച്ചതിന്... പരിശുദ്ധ പിതാവേ, അങ്ങേയ്ക്കു നന്ദി...! അങ്ങയുടെ പ്രബോധനം... Laudato Si! സാങ്കേതികതയുടെ നന്മയും തിന്മയും ചൂണ്ടിക്കാണിക്കുന്നുണ്ട്. നന്മയ്ക്കായുള്ള മാധ്യമങ്ങള്‍ നന്മയ്ക്കുവേണ്ടിത്തന്നെ ഉപയോഗിക്കാം. അവ ഒരിക്കലും കുടുംബങ്ങളുടെ കൂട്ടായ്മയില്‍നിന്നും നമ്മെ അകറ്റി ഏകാന്തതയിലും വിനോദത്തിലുമായി സമയം പാഴാക്കാന്‍ അനുവദിക്കാതരിക്കട്ടെ! ഇവിടെ കൂടിയിരിക്കുന്ന എന്‍റെ സഹോദര കുടുംബങ്ങളോട് ഒരു ചോദ്യം. സാങ്കേതികതയ്ക്കായി നാം അമിതമായി സമയം ചെലവഴിക്കുന്നുണ്ടോ? മനോഹരമായ നമ്മുടെ പൊതുഭവനമായ ഭൂമിയില്‍ സഹോദരങ്ങള്‍ക്കൊപ്പവും... ദൈവത്തോടൊപ്പവും ചെലവഴിക്കാന്‍ സമയമില്ലാതെ വരുന്നുണ്ടോ?
ഒരിക്കല്‍ക്കൂടി നന്ദി പ്രിയ പാപ്പാ! എല്ലാവര്‍ക്കും നന്ദി!!

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതികരണം
ടെഡും കുടുംബവും പങ്കുവച്ച കൂടുംബകഥയെ തുടര്‍ന്ന് വേദിയില്‍ പ്രവേശിച്ച് പാപ്പാ ഫ്രാന്‍സിസിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. പാപ്പാ അവര്‍ക്ക് ജപമാലകള്‍ സമ്മാനമായി നല്കി. ആശീര്‍വ്വാദവും നല്കി. അവരുടെ പങ്കുവയ്ക്കലിനോട് പാപ്പാ ഫ്രാന്‍സിസ് പ്രതികരിച്ചു :

ഇന്ത്യന്‍ ദമ്പതിമാര്‍ നിഷയും റ്റെഡും നല്കുന്ന സന്ദേശം ശ്രദ്ധേയംതന്നെ. സമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ കുടുംബങ്ങളെ തകര്‍ക്കുന്നില്ല, അവ വളര്‍ത്തുകയാണ്. നന്മയുടെ ചാലകശക്തിയും, നന്മയ്ക്കുള്ള ഉപകരണങ്ങളുമാണവ. അവയെ ശരിയാംവണ്ണം ഉപയോഗിക്കാന്‍ നാം കുട്ടികളെ പഠിപ്പിക്കണം. സാങ്കേതികതയുടെ മാസ്മരികതയില്‍ പൂര്‍ണ്ണമായും കുടിങ്ങിപ്പോകുന്നവര്‍ ഇന്ന് അധികമാണ്. അവര്‍ സാറ്റലൈറ്റുകളുടെ ഓര്‍ബിറ്റില്‍ കിടന്നു കറങ്ങുന്നവരാണ്....!!  യഥാര്‍ത്ഥത്തില്‍ നവസാങ്കേതികതയോ മാധ്യമങ്ങളോ അല്ല പ്രശ്നം നാം അവ ഉപയോഗിക്കുന്ന രീതിയാണ്. ഉദാഹരണത്തിന്... ഈ ആഗോള സംഗമത്തില്‍ പങ്കെടുക്കുന്ന കുടുംബങ്ങള്‍ തമ്മില്‍ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും ശൃംഖലതീര്‍ക്കാന്‍ ആധുനികമാധ്യമങ്ങള്‍ക്ക് കരുത്തുണ്ട്. മാധ്യമങ്ങള്‍ വിവേചനത്തോടും യുക്തിയോടുംകൂടെ നന്മയ്ക്കായി ഉപയോഗിക്കണമെന്നു മാത്രം. നമ്മെ യഥാര്‍ത്ഥമായ കുടുംബസൗഹൃദത്തില്‍നിന്നും അകറ്റി, ലോകത്തുനിന്നും വലിച്ചെടുത്ത് ഒരു അയാഥാര്‍ത്ഥ്യമായ ലോകത്ത് Virtual World മാധ്യമങ്ങള്‍ ആഴ്ത്താതിരിക്കട്ടെ!   നിഷയും ടെഡും മക്കളും നമ്മോടു പറയുന്നത്, മാധ്യമങ്ങളുടെ പിടിയില്‍ അമരാതെ, സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും യഥാര്‍ത്ഥമായ ജീവിതപരിസരങ്ങളിലും (Reality of Life) ദൈവത്തോടൊപ്പവും സമയം കണ്ടെത്താന്‍ സാധിക്കണമെന്നാണ്.

യാഥാര്‍ത്ഥ്യവും അയാഥാര്‍ത്ഥ്യവും
സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളില്‍ മുഴുകിപ്പോയാല്‍ നമ്മള്‍ പിന്നെ ഓര്‍ബിറ്റില്‍ കറങ്ങുന്നവരായി മാറും.. സഹോദരങ്ങളെ മറന്ന്, യാഥാര്‍ത്ഥ്യങ്ങള്‍ മറന്ന് അയാഥാര്‍ത്ഥ്യമായൊരു ലോകത്ത് (Real World) അവര്‍ കുടുങ്ങുന്നു!! സംഭവിക്കാറുണ്ടല്ലോ മേശയില്‍ ഭക്ഷണത്തിന് ഇരുന്നിട്ടും പരിസരം മറന്ന് കുടുംബത്തെ മറന്ന്.. ഫോണില്‍ തോണ്ടിത്തോണ്ടി ഡിജിറ്റല്‍ ലോകത്തേയ്ക്ക് പ്രവേിക്കുന്നവര്‍ ധാരാളം! നാം അറിയാതെ പൊള്ളയായൊരു ലോകത്തേയ്ക്കു ചേക്കേറുകയാണവര്‍... കുടിയേറുകയാണ്. എങ്ങനെ മാധ്യമങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കുടുംബജീവിതത്തില്‍ ഉപയോഗിക്കണമെന്നു പഠിപ്പിച്ച റ്റെഡിനെയും കുടുംബത്തെയും എപ്പോഴും ഓര്‍ക്കാം!..

02 September 2018, 20:23