ഫാത്തിമാ സന്നിധാനം ഫാത്തിമാ സന്നിധാനം 

പാപ്പാ ഫ്രാന്‍സിസിന് സ്നേഹപൂര്‍വ്വം ഫാത്തിമായില്‍നിന്നും...!

ഫാത്തിമായില്‍ സെപ്തംബര്‍ 4-മുതല്‍ 6-വരെ തിയതികളില്‍ സമ്മേളിച്ച പോര്‍ച്ചുഗലിലെ മെത്രാന്മാന്‍ സംഘത്തിന്‍റെയും വൈദികരുടെയും ആത്മീയ സംഗമമാണ് പാപ്പാ ഫ്രാന്‍സിസിന് കത്തയച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഫാത്തിമായിലെ ദേശീയ സഭാസംഗമം
“പുരോഹിതന്‍, സുവിശേഷത്തിന്‍റെ ശുശ്രൂഷകനും സാക്ഷ്യവും” എന്ന പഠനവിഷയവുമായിട്ടാണ് ദേശീയ മെത്രാന്‍ സമിതിക്കൊപ്പം പോര്‍ച്ചുഗലിലെ 200-ല്‍ അധികം വരുന്ന വൈദികരുടെ കൂട്ടായ്മ ഫാത്തിമായിലെ തീര്‍ത്ഥത്തിരുനടയില്‍ സംഗമിച്ചിരിക്കുന്നത്. വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ബെനിയാമീനോ സ്തേലയാണ് സംഗമത്തിന് നേതൃത്വം നല്കുന്നത്.

പാപ്പായ്ക്കൊരു തുറന്ന കത്ത്
സഭയിലെ ലൈംഗിക പീഡനക്കേസുകളെക്കുറിച്ചും അതിനുള്ള പ്രതിവിധി, ശിക്ഷണനടപടി എന്നിവയെക്കുറിച്ചും പാപ്പാ ഫ്രാന്‍സിസ് ആഗസ്റ്റ് 2018-ല്‍ പ്രസിദ്ധപ്പെടുത്തിയ  “ദൈവജനത്തിന്…”  (To the People of God) എന്ന പേരിലുള്ള തുറന്ന കത്തിനോടുള്ള പ്രതികരണമായിരുന്നു പോര്‍ച്ചുഗലിലെ സഭ സെപ്തംബര്‍ 4-ന് വത്തിക്കാനിലേയ്ക്ക് അയച്ചത്. കത്തിന്‍റെ സംക്ഷിപ്തരൂപം താഴെ ചേര്‍ക്കുന്നു :

ദൈവജനത്തെ ​അഭിസംബോധനചെയ്യുന്ന, വിശിഷ്യ സഭയുടെ ശുശ്രൂഷകരെ അഭിസംബോധനചെയ്യുന്ന ധീരമായ  “ദൈവജനത്തിന്…”  എന്ന ശീര്‍ഷകത്തിലുള്ള തിരുത്തല്‍ക്കത്ത് ഹൃദയപൂര്‍വ്വം കൈക്കൊള്ളുന്നു. അതില്‍ പറയുന്ന, സഭാമക്കള്‍ നടപ്പില്‍ വരുത്തേണ്ടതായ പ്രായോഗിക കാര്യങ്ങള്‍ സ്വീകരിക്കുന്നതായും ദേശിയ മെത്രാന്‍ സമിതിക്കുവേണ്ടി ലിസ്ബണ്‍ അതിരൂപതാദ്ധ്യക്ഷനും പാത്രിയാര്‍ക്കിസുമായ കര്‍ദ്ദിനാള്‍ മാനുവല്‍ ക്ലെമെന്‍റ് ഒപ്പുവച്ച് അയച്ച കത്താണ് സെപ്തംബര്‍ 5 ബുധനാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.

വ്രണിതാക്കളെ സംരക്ഷിക്കുന്ന സംസ്ക്കാരം 
സഭയില്‍ തലപൊക്കിയിട്ടുള്ളതും ഉത്തരവാദിത്ത്വപ്പെട്ടവര്‍ ഉള്‍പ്പെട്ടതുമായ കുട്ടികളുടെ ലൈംഗികപീഡന കേസുകള്‍ ഇല്ലാതാക്കാനും തടയാനുമായി പാപ്പാ നല്കുന്ന ഉചിതമായ നടപടിക്രമങ്ങള്‍ പോര്‍ച്ചുഗലിലെ സഭ കൈക്കൊള്ളുന്നു. വ്രണിതാക്കളായവരെ, വിശിഷ്യ കുട്ടികളെ ലൈംഗിക പീഡനങ്ങളില്‍നിന്നും സംരക്ഷിക്കുന്നൊരു സംസ്ക്കാരം വളര്‍ത്താന്‍ ദേശീയ സഭ പരിശ്രമിക്കുമെന്നും കത്ത് ഉറപ്പുനല്കുന്നു. സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചകളോടു ബന്ധപ്പെടുത്തി പാപ്പാ ഫ്രാന്‍സിസിന്‍റെ സഭാ ശുശ്രൂഷയെ വെല്ലുവിളിക്കാന്‍ ചിലര്‍ ധൈര്യപ്പെടുമ്പോള്‍ തങ്ങളുടെ സാഹോദര്യസാമീപ്യവും ജീവിതവിശ്വസ്തതയും വാഗ്ദാനംചെയ്യുന്നു. ഫാത്തിമാനാഥയുടെ തിരുസന്നിധിയില്‍ എന്നും വിശ്വാസികള്‍ അങ്ങേയ്ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്.

സാഹോദര്യത്തിന്‍റെ പിന്‍ബലം
പാപ്പായുടെ പതറാത്ത സഭാശുശ്രൂഷയെയും, ദീര്‍ഘവക്ഷണുള്ളതും കാലികവും സുവിശേഷകാരുണ്യത്തില്‍ അധിഷ്ഠിതവുമായ പ്രേഷിതദൗത്യങ്ങളെയും ഫാത്തിമാനാഥയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ടാണ് സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെ സ്പനന്ദനമുള്ള കത്ത് പോര്‍ച്ചുഗലിലെ സഭാസമൂഹം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 September 2018, 20:19