ദിച്യോത്തി കപ്പല്‍ രക്ഷപ്പെടുത്തിയ കുടിയേറ്റക്കാര്‍ ദിച്യോത്തി കപ്പല്‍ രക്ഷപ്പെടുത്തിയ കുടിയേറ്റക്കാര്‍ 

സിറിയന്‍ അഭയാര്‍ത്ഥികളെ ഇറ്റാലിയന്‍ രൂപതകള്‍ ദത്തെടുത്തു

സെപ്തംബര്‍ 6 വ്യാഴം - ഇറ്റാലിയന്‍ തീരസേന രക്ഷപ്പെടുത്തിയ 340 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇറ്റലിയിലെ രൂപതകള്‍ അഭയം നല്കി.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സിറയില്‍നിന്നും ഒരു സാഹസികയാത്ര
ആഗസ്റ്റ് 18-Ɔ‍ο തിയതിയാണ് ഇറ്റലിയുടെ തെക്കു-പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ തീരത്ത് കുടിയേറ്റക്കാരുടെ അപകടനിലയിലെത്തിയ ചെറിയബോട്ടു തീരസേന കണ്ടെത്തിയത്. യുദ്ധവും അഭ്യന്തരകലാപവും മൂലം ജീവരക്ഷാര്‍ത്ഥം ഇറങ്ങി പുറപ്പെട്ട കുടുംബങ്ങളാണവര്‍! മുങ്ങിത്താഴുന്നവരെ കരകയറ്റിയും, ബോട്ടിലുള്ളവരെ തീരസേനയുടെ കപ്പല്‍ രക്ഷപ്പെടുത്തിയും റോമിലെത്തിച്ചു. ഇറ്റലിയിലെ ‘കാരിത്താസ്’ ഉപവി പ്രസ്ഥാനവും, പാപ്പായുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാര്യാലയവും ഇറ്റാലിയന്‍ സര്‍ക്കാരിനോടു കൈകോര്‍ത്തു പ്രവര്‍ത്തിച്ചാണ് കുട്ടികളും സ്ത്രീകളും അടക്കമുള്ള സിറിയന്‍ അഭയാര്‍ത്ഥി സംഘത്തെ പാപ്പാ ദി റോക്കാ എന്നസ്ഥലത്തുള്ള വത്തിക്കാന്‍റെ സുരക്ഷാകേന്ദ്രത്തില്‍ (Centro Mondo Migliore) എത്തിച്ചത്.

ഔദാര്യത്തോടെ ഇറ്റാലിയന്‍ രൂപതകള്‍
അടിസ്ഥാന സൗകര്യങ്ങള്‍ നല്കി പരിചരിക്കപ്പെട്ടവര്‍ക്ക് സെപ്തംബര്‍
5-Ɔο തിയതി ബുധനാഴ്ചയാണ് ശുഭവാര്‍ത്ത ലഭിച്ചത്. അവരെ എല്ലാവരെയും ഒറ്റയായും കുടുംബങ്ങളുടെ കൂട്ടമായും ഇറ്റലിയിലെ വിവിധ രൂപതകള്‍ ദത്തെടുക്കുമെന്ന്. അഭയം തേടി എത്തിവരെ കൈവെടിയരുതെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ തീരുമാനത്തോടു ചേര്‍ന്നാണ് ഇറ്റലിയിലെ ദേശീയ മെത്രാന്‍സിമിതി സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് അനുസൃതമായി സിറിയന്‍ കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും യുവതീയുവാക്കളെയും ദത്തെടുക്കുന്നതെന്ന്, പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന കര്‍ദ്ദിനാള്‍ കൊണ്‍റാട് ക്രജേസ്ക്കി റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നന്ദിസൂചകമായി...!
സന്തോഷവാര്‍ത്ത അറിഞ്ഞ അഭയാര്‍ത്ഥി കൂട്ടത്തിലെ ചിലര്‍ തങ്ങളുടെ ഇല്ലായ്മയില്‍നിന്നും പാപ്പാ ഫ്രാന്‍സിസിന് ചെറിയ സമ്മാനങ്ങള്‍ കൊടുത്തയക്കാനുള്ള വലിയ മനസ്സു കാട്ടി. തങ്ങള്‍ വരച്ച കടല്‍യാത്രയുടെ പടങ്ങള്‍ രണ്ടുകുട്ടികള്‍ നല്കിയപ്പോള്‍, ഒരു മുസ്ലിം സ്ത്രീ താന്‍ കുടിയേറ്റയാത്രയില്‍ തുണയായി കരുതിയ കന്യകാനാഥയുടെ സിറിയന്‍ സിറാമിക് ചിത്രവും നന്ദിസൂചകമായി കര്‍ദ്ദിനാള്‍ ക്രജേസ്കിയുടെ കൈവശം പാപ്പായ്ക്കു കൊടുത്തുവിട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 September 2018, 20:32