2016-08-04 പാപ്പാ ഫ്രാന്‍സിസ്  പോര്‍സ്യൂങ്കോളയില്‍ 2016-08-04 പാപ്പാ ഫ്രാന്‍സിസ് പോര്‍സ്യൂങ്കോളയില്‍  

ദൈവിക കാരുണ്യത്തിന്‍റെ സങ്കേതമായി അസ്സീസിയിലെ പോര്‍സ്യൂങ്കൊള

ആഗസ്റ്റ് 1-ന്‍റെ സായാഹ്നപ്രാര്‍ത്ഥന മുതല്‍, 2-Ɔο തിയതിയുടെ പ്രഭാതയാമംവരെ അസ്സീസിയിലേയ്ക്ക് ജാഗരം അനുഷ്ഠിച്ചു ആയിരങ്ങള്‍ പ്രവഹിക്കുമ്പോള്‍ 8 നൂറ്റാണ്ടുകള്‍ പിന്നിടുന്ന ദൈവികകാരുണ്യത്തിന്‍റെയും അനുര‍ഞ്ജനത്തിന്‍റെയും കഥയാണ് ഇറ്റലിയിലെ അസ്സീസി പട്ടണത്തോടും ചേര്‍ന്നു കിടക്കുന്ന പോര്‍സ്യൂങ്കൊള തീര്‍ത്ഥത്തിരുനട വിളിച്ചോതുന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

പോര്‍സ്യൂങ്കൊള – ഫ്രാന്‍സിസ് പുതിക്കിയ പള്ളി
വീടുവിട്ടിറങ്ങിയ ഫ്രാ‍ന്‍സിസ് ക്രിസ്തുവിന്‍റെ പള്ളി നന്നാക്കണം എന്ന തീവ്രതയില്‍ സ്വന്തം കൈകൊണ്ടു പണിതു നന്നാക്കിയ
പുരാതനമായ കൊച്ചുകപ്പേളയാണ് അസ്സീസി പട്ടണത്തിന്‍റെ താഴ്വാരത്തെ പോര്‍സ്യൂങ്കൊള.

1216-മാണ്ട്, ആഗസ്റ്റ് 1-Ɔο തിയതി.  പൊര്‍സ്യൂങ്കൊളയില്‍  പ്രാര്‍ത്ഥിക്കവെ ഫ്രാന്‍സിസിന് ക്രിസ്തുവിന്‍റെ ദര്‍ശനമുണ്ടായി. പരിശുദ്ധ കന്യകാനാഥയ്ക്കൊപ്പം മാലാഖമാരും ചേര്‍ന്നുള്ള ദര്‍ശനമായിരുന്നു അതെന്ന് പാരമ്പര്യവും, സമകാലീനരുടെ മൊഴികളും രേഖപ്പെടുത്തിയിരിക്കുന്നു. കപ്പേളയുടെ നിലത്ത് സാഷ്ടാംഗപ്രണമിതനായ ഫ്രാന്‍സിസിന് ക്രിസ്തുവിന്‍റെ ദര്‍ശനത്തോടൊപ്പം സന്ദേശവും ലഭിച്ചു. സിദ്ധനു കിട്ടിയ സന്ദേശം, ദൈവിക കാരുണ്യത്തിന്‍റെയും പാപമോചനത്തിന്‍റേതും ആയിരുന്നു. ഫ്രാന്‍സിസിന്‍റെ സാക്ഷ്യവും, ഫ്രാന്‍സിസ്ക്കന്‍ പാരമ്പര്യവും അനുസരിച്ച് പൊര്‍സ്യൂങ്കൊളയില്‍ പിന്നീടു തീര്‍ത്ത ചുവര്‍ചിത്രവും അത് വ്യക്തമാക്കുന്നുണ്ട്. സഭ നല്കുന്ന പൂര്‍ണ്ണദണ്ഡവിമോചനം (Plenary Indulgence) അസ്സീസിയിലെ‍ ദര്‍ശനത്തിന്‍റെ സ്ഥാനമായ പൊര്‍സ്യൂങ്കൊളയില്‍നിന്നും (Porziuncola) ജനങ്ങള്‍ക്ക് ലഭ്യമാക്കണം, അസ്സീസിയില്‍നിന്നും ദൈവികകാരുണ്യത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കണം എന്നായിരുന്നു  സിദ്ധന്‍റെ ആഗ്രഹം.

കുരുണ്യത്തിന്‍റെ തീര്‍ത്ഥത്തിരുനട
അനുതാപത്തോടെ പൊര്‍സ്യൂങ്കൊള സന്ദര്‍ശിക്കുന്നവര്‍ക്ക് പൂര്‍ണ്ണപാപവിമോചനം നേടുന്നതിനുള്ള അനുമതി ഒനോരിയൂസ് മൂന്നാമന്‍ പാപ്പായെ (1216-1227) നേരില്‍ക്കണ്ട് വിശുദ്ധ ഫ്രാന്‍സിസ് കരസ്ഥമാക്കി. അടുത്തവര്‍ഷം ദര്‍ശനത്തിന്‍റെ വാര്‍ഷികനാളില്‍ ആഗസ്റ്റ് 1-ന്‍റെ സായാഹ്നപ്രാര്‍ത്ഥന മുതല്‍,  
2-Ɔο തിയതിയുടെ പ്രഭാതയാമംവരെ അസ്സീസിയിലേയ്ക്ക് ജാഗരം അനുഷ്ഠിച്ചു ജനങ്ങള്‍ പ്രവഹിച്ചുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അന്നാള്‍ മുതല്‍, ഇന്നും തുടരുന്ന ‘അസ്സീസിയിലെ പാപമോചനം’ (The Pardon of Assisi) എന്നറിയപ്പെടുന്ന പൊര്‍സ്യൂങ്കൊളയിലെ ദണ്ഡവിമോചന ലബ്ധി ചരിത്രമാണ്. അങ്ങനെ 12-Ɔο നൂറ്റാണ്ടില്‍ വിശുദ്ധ ഫ്രാന്‍സിസ് ആരംഭിച്ച അനുരഞ്ജനത്തിന്‍റെയും മാനസാന്തരത്തിന്‍റെയും ആഹ്വാനം ഉള്‍ക്കൊണ്ട് ദൈവത്തില്‍നിന്നും മാപ്പു തേടിയും, സഹോദരങ്ങളുമായി രമ്യതപ്പെട്ടും ജീവിക്കുവാനുള്ള പൂര്‍ണ്ണദണ്ഡവിമോചന ലബ്ധിക്കായി ആയിരങ്ങളാണ് ‘പൊര്‍സ്യൂങ്കൊള’യില്‍ ഇന്നും എത്തുന്നത്.

കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ പോര്‍സ്യൂങ്കൊള തീര്‍ത്ഥാടനത്തിന്‍റെ 800-Ɔο വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് ആയിരങ്ങള്‍ക്കൊപ്പം 2015 ആഗസ്റ്റ് 4-ന് പാപ്പാ ഫ്രാന്‍സിസും അസ്സീസിയിലെ പോര്‍സ്യൂങ്കൊളയിലെത്തി.

അസ്സീസിയിലെ  ലാവണ്യമുള്ള  സിദ്ധന്‍
എറണാകുളത്തുകാരന്‍ ഫ്രാന്‍സിസ്ക്കന്‍ വൈദികന്‍ ക്രിസ്റ്റഫ്രര്‍ കൊയിലോ കലാകാരനും സംഗീതജ്ഞനുമായിരുന്നു. അദ്ദേഹത്തിന്‍റെ കൃതിയാണ്
A new kind of a Fool, ‘പുതിയൊരു തരം പോഴന്‍’ എന്ന്...! ഫാന്‍സിസിന്‍റെ ജീവിത സരളതയാണ് ആ തലക്കെട്ടില്‍ ക്രിസ്റ്റഫര്‍ കൊയിലോ പ്രതിഫലിപ്പിക്കുന്നത്. എല്ലാ സരളതകള്‍ക്കും വലിയ അടിയൊഴുക്കുണ്ട്. ഉദാഹരണത്തിന് പുഞ്ചിരി എളുപ്പമാണെന്നു തോന്നാം. എന്നാല്‍ പലേ കാര്യങ്ങളും ഒത്തിണങ്ങിയാലേ ഒരാള്‍ക്ക് പുഞ്ചിരിക്കാനാകൂ...! പൊതുവെ പറയാറുണ്ടല്ലോ ഗാന്ധിയുടെ പടം വെറും രണ്ടു ‘സ്ട്രോക്കു’കൊണ്ടു കോറിയെടുക്കാമെന്ന്. എന്നാല്‍ ഗാന്ധിയെന്ന വ്യക്തിയോ! ഗാന്ധിസമോ..!?. വലിയ അടിയൊഴുക്കുള്ള സംഭവമാണ്. അതുപോലെ അസ്സീസിയിലെ പാവപ്പെട്ട സിദ്ധനും ഏറെ പഠനം അര്‍ഹിക്കുന്നുണ്ട്. ധ്യാനം അര്‍ഹിക്കുന്നുണ്ട്.

പാവങ്ങള്‍ക്ക് പ്രചോദനമായൊരു  വിശ്വഭിക്ഷു!
വികസനത്തിന്‍റെ ചെല്ലപ്പേരില്‍ പാവങ്ങള്‍ ഞെരുക്കപ്പെടുന്ന, പുറം തള്ളപ്പെടുന്ന, അവര്‍ കുടിയിറക്കപ്പെന്ന, പീഡിപ്പിക്കപ്പെടുന്ന, അവരുടെ ജീവിതമേഖലയെ ചുരുക്കുന്ന, കൈയ്യൂക്കുള്ളവര്‍ ഭൂമി വെട്ടിപ്പിടിക്കുന്ന ഇന്നത്തെ ലോകത്തേയ്ക്ക് എല്ലാം പരിത്യജിച്ച് വിശ്വഭിക്ഷുവായി ഇറങ്ങിത്തിരിച്ച ഫ്രാ‍ന്‍സിസ് ഇന്നു കടന്നുവരേണ്ടതല്ലേ!? തീര്‍ച്ച, ഇക്കാലഘട്ടത്തില്‍ ജീവിതത്തിന്‍റെ എല്ലാ ഇടനാഴികളിലേയ്ക്കും ഫ്രാന്‍സിസ് കടന്നു വരേണ്ടതാണ്. ജീവിതത്തിന്‍റെ സമസ്ഥ മേഖലകളിലേയ്ക്കും ഫ്രാന്‍സിസ് വരുന്നത് ഇന്നിന്‍റെ സുവിശേഷമായിരിക്കും. പ്രശസ്തമായ മറ്റൊരു പുസ്തകം ഫ്രാന്‍സിസിനെക്കുറിച്ചുണ്ട്.. Future of the Church is future of Francis എന്ന്! “സഭയുടെ ഭാവി..., ഫ്രാന്‍സിസിന്‍റെ ആദ്ധ്യാത്മികത നിറഞ്ഞ ഭാവിയാണെന്നാണ്. സൂക്ഷിച്ചില്ലെങ്കില്‍ വല്ലാത്തൊരു കെട്ടുകാഴ്ചയിലേയ്ക്ക് തിരിഞ്ഞേക്കാവുന്ന സഭയുടെയും സഭാജീവിതത്തിന്‍റെയും നവീകരണത്തിന് ഫ്രാന്‍സിസ്, അസ്സീസിയിലെ സിദ്ധന്‍റെ ആത്മീയത അനിവാര്യമാണെന്ന താക്കീതു നല്കുന്നതാണീ ഗ്രന്ഥം. ഇങ്ങനെയുള്ളൊരു ആത്മീയാചാര്യന്‍റെ ഓര്‍മ്മകള്‍ സജീവമാക്കുന്നതുവഴി സഭയും സഭാമക്കളും സമൂഹവും ഒക്കെ നവീകരിക്കപ്പെടുമെന്ന് നമുക്ക് വിശ്വസിക്കാം.

സമാധാനദൂതനും പരിസ്ഥിതിയുടെ മദ്ധ്യസ്ഥനും
ഫാന്‍സിസ് ഇന്നും, ഈ മൂന്നാം സഹസ്രാബ്ദത്തിലും ജീവിക്കുന്നു, സജീവനാണ്. പിന്നെ അസ്സീസിയിലെ പാവം സിദ്ധനെ ഇന്നും ലോകം തിരിച്ചറിയുന്നുമുണ്ട്. “ദൈവമേ, എന്നെ അങ്ങേ സമാധാനത്തിന്‍റെ ദൂതനാക്കണമേ!...” എന്ന “ശാന്തിദൂതും,”  Brother Sun, Sisiter Moon, Brother Wolf  സഹോദരന്‍ സൂര്യന്‍, സഹോദരി ചന്ദ്രിക, സഹോദരന്‍ ചെന്നായ്...എന്നെല്ലാം അഭിസംബോധനചെയ്യുന്ന സഹവര്‍ത്തിത്വവും, ലാവണ്യമാര്‍ന്ന പാരിസ്ഥിതിക ചിന്തകളും, അദ്ദേഹത്തിന്‍റെ പ്രകൃതി സ്തവവുമെല്ലാം ഇന്നും മനുഷ്യര്‍ ഇഷ്ടപ്പെടുന്നുണ്ട്. പിന്നെ കരുണ, സഹാനുഭൂതി, ഭൂതദയ എന്നിവ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ക്ക് ഫ്രാന്‍സിസ് മാതൃകയാണ്. ഫ്രാന്‍സിസില്‍നിന്നും ആവേശം ഉള്‍ക്കൊണ്ട് ധാരാളം നല്ലമനുഷ്യര്‍ പരിസ്ഥിതിക്കുവേണ്ടിയും വിശ്വസാഹോദര്യത്തിനുവേണ്ടിയുമെല്ലാം ഇന്നും ലോകത്ത് വാദിക്കുകയും, അതിനായി അക്ഷീണം പരിശ്രമിക്കുകുയും ചെയ്യുന്നുണ്ട്.

Laudato Si’ Domine! അങ്ങേയ്ക്കു സ്തുതി ദൈവമേ! പ്രപഞ്ചദാതാവിനെ ഒരു ചെറുജീവിയിലും ഫ്രാന്‍സിസ് നന്ദിയോടെ സ്തുതിച്ചു പാടിയത് ഇങ്ങനെയാണ് Laudato Si’ Domine! അങ്ങേയ്ക്കു സ്തുതി ദൈവമേ! 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2018, 19:35