തിരയുക

പ്രാര്‍ത്ഥനയില്‍ പ്രാര്‍ത്ഥനയില്‍  

ദളിത് ശാക്തീകരണസംരംഭത്തില്‍ പങ്കാളികളാകുക, കേരള സഭ

ദളിത് സഹോദരങ്ങളുടെ രോദനം ശ്രവിക്കുക!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദളിത് ശാക്തീകരണസംരംഭത്തില്‍ പങ്കാളികളാകാന്‍ കേരളത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ കീഴില്‍, പിന്നോക്കവിഭാഗത്തിനുവേണ്ടിയുള്ള സമതി (SC/ST/BC COMMISSION)  അഭ്യര്‍ത്ഥിക്കുന്നു.

ഭാരത കത്തോലിക്കാസഭ ഈ ഞായറാഴ്ച (19/08/18) ആചരിക്കുന്ന നീതി ഞയാര്‍ ദിനത്തില്‍ കേരളത്തിലെ എല്ലാ കത്തോലിക്കാദേവാലയങ്ങളിലും വായിക്കുന്നതിനായി പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഈ അഭ്യര്‍ത്ഥനയുള്ളത്.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും  പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണത്തിരുന്നാള്‍ദിനവുമായ ആഗസ്റ്റ് 15 കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ചയാണ് 1983 മുതല്‍ ഭാരതസഭ നീതി ഞായര്‍ ആചരിക്കുന്നത്.

ദളിത് സഹോദരങ്ങള്‍ അനുഭവിക്കുന്ന നിതിനിഷേധത്തിന്‍റെ മുറിവുകള്‍ ഉണക്കാന്‍ അകമഴിഞ്ഞ പിന്തുണയും സഹായവും അവര്‍ക്ക് ഉറപ്പേകാനും ഈ സമിതി വിശ്വസികളെ ക്ഷണിക്കുന്നു.

ദളിത് സഹോദരങ്ങള്‍ക്ക് നീതി ഉറപ്പാക്കാനുള്ള സഭയുടെ യത്നങ്ങള്‍ക്ക്    സകലരുടെയും സഹകരണവും പിന്തുണയും പ്രാര്‍ത്ഥനാസഹായവും ആവശ്യമാണെന്ന് സമിതി ഈ വിജ്ഞാപത്തില്‍ പറയുന്നു.

ക്രൈസ്തവരായ ദളിത് സഹോദരങ്ങളെ സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്ന പട്ടികയില്‍ നിന്നു പുറത്താക്കുന്നതും 1950 ല്‍ പുറപ്പെടുവിക്കപ്പെട്ടതുമായ  ഉത്തരവ്  മതവിവേചനം പാടില്ലെന്ന ഭരണഘടനയുടെ നിലപാടിന് കടകവിരുദ്ധമാണെന്നും ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ദളിത് സഹോദരങ്ങളുടെ രോദനം ഉത്തരവാദിത്വപ്പെട്ടവര്‍ കേള്‍ക്കുന്നില്ലയെന്ന് നടിക്കുകയാണെന്നും ഈ സമിതി കുറ്റപ്പെടുത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 August 2018, 13:15