തിരയുക

Vatican News
കേരളം, ജലപ്രളയത്തിന്‍റെ ഒരു നേര്‍ക്കാഴ്ച കേരളം, ജലപ്രളയത്തിന്‍റെ ഒരു നേര്‍ക്കാഴ്ച  (ANSA)

പ്രളയക്കെടുതിയില്‍ സാന്ത്വനവുമായി കേരളസഭ

പ്രളയം ജീവന്‍ കവര്‍ന്നെടുത്തവര്‍ക്കായി കേരള കത്തോലിക്കാമെത്രാന്മാര്‍ പ്രാര്‍ത്ഥിക്കുന്നു

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കേരളജനതയെ കണ്ണീര്‍ക്കയത്തിലാഴ്ത്തിയിരിക്കുന്ന ഭീകരജലപ്രളയദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് കേരളത്തിലെ കത്തോലിക്കാമെത്രാന്മാര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ഈ ദുരന്തത്തില്‍ നിന്ന് കരകയറുന്നതിന് ജനങ്ങളെ സഹായിക്കാന്‍ പ്രാദേശിക ഭരണസംവിധാനങ്ങളോടും സന്നദ്ധസംഘടനകളോടും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കും പ്രചോദനം പകരുകയും ദൈവസഹായം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

കേരളത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ, കെസിബിസിയുടെ അദ്ധ്യക്ഷന്‍ തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ചുബിഷപ്പ് മരിയ കലിസ്റ്റ് സൂസ പാക്യം ഒരു പ്രസ്താവനയിലൂടെയാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രളയവും ജീവനെടുത്തവര്‍ക്കും ദുരിതമനുഭവിക്കുന്ന സകലര്‍ക്കും വേണ്ടി മെത്രാന്‍സമിതി പ്രാര്‍ത്ഥിക്കുന്നതായി അറിയിച്ചിരിക്കുന്നത്.

പ്രതിസന്ധിയുടെ ഘട്ടത്തില്‍ ദൈവത്തിലാശ്രയിച്ച് കാരുണ്യത്തിന്‍റെ കരങ്ങള്‍ കോര്‍ത്ത് നമ്മുടെ സഹോദരങ്ങളുടെ ദുരിതങ്ങള്‍ ദൂരീകരിക്കാന്‍ കേരളത്തിലെ കത്തോലിക്കാമെത്രാന്‍ സംഘം, അതിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് സൂസപാക്യവും പൊതുകാര്യദര്‍ശി ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടും ഒപ്പിട്ട് വ്യാഴാഴ്ച  (16/08/18) പുറപ്പെടുവിച്ച ഒരു വിജ്ഞാപനത്തിലൂടെ ഏവരെയും ക്ഷണിക്കുന്നു.

പ്രളയദുരിതത്തിലും മഴക്കെടുതിയിലും പെട്ടുഴലുന്ന എല്ലാവരോടുമുള്ള സ്നേഹവും ഐക്യദാര്‍ഢ്യവും മെത്രാന്‍ സംഘം അറിയിക്കുകയും ചെയ്യുന്നു.

ഒരു നേരത്തെ ഉപവാസത്തിലൂടെയെങ്കിലും ഒരു തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനചെയ്യാന്‍ മെത്രാന്‍ സംഘം പ്രചോദനം പകരുന്നു. ദുരിതനിവാരണയത്നത്തില്‍ പ്രാര്‍ത്ഥനയുടെ പ്രാധാന്യവും വിജ്ഞാപനം ചൂണ്ടിക്കാട്ടുന്നുണ്ട്.

ദുരന്തനിവാരണത്തില്‍ കേരള-കേന്ദ്ര സര്‍ക്കാരുകളും സംഘടനകളും മാദ്ധ്യമങ്ങളും വ്യക്തികളും നടത്തുന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളെ മെത്രാന്‍സംഘം ശ്ലാഘിക്കുകയും ചെയ്യുന്നു.

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രാഥമിക കണക്കനുസരിച്ച് 8300 ലേറെ കോടിരൂപയുടെ നാശനഷ്ടങ്ങള്‍ ഈ പ്രളയദുരന്തം വിതച്ചിട്ടുണ്ട്.

1924 ലാണ് ഏതാണ്ട്, ഇതിനു സമാനമായ ഒരു പ്രളയം നമ്മുടെ നാടിനെ ദുരിതത്തിലാഴ്ത്തിയത്. ഇക്കഴിഞ്ഞ 9 ദശാബ്ദത്തിനിടയില്‍ ഇത്രയും ഗുരുതരമായ ഒരു മഴക്കെടുതി കേരളം നേരിട്ടിട്ടില്ലയെന്നും പേമാരിയെ തുടര്‍ന്ന് സംസ്ഥാനത്തെ 33 ജല സംഭരണികള്‍ തുറന്നുവിടേണ്ടി വന്നുവെന്നും മെത്രാന്‍സംഘം അനുസ്മരിക്കുന്നു.

17 August 2018, 13:16