തിരയുക

Vatican News
 ആര്‍ച്ച്ബിഷപ്പ് ജോണ്‍ ബര്‍വ്വാ, ഒഡീഷയിലെ കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് ജോണ്‍ ബര്‍വ്വാ, ഒഡീഷയിലെ കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ 

കാണ്ഡമാല്‍, ക്രിസ്തീയവിരുദ്ധാക്രമണത്തിന്‍റെ ദശവാര്‍ഷികം

ഒഡീഷയിലെ‍ ജനങ്ങള്‍ സമാധാന പ്രിയര്‍, അനുരഞ്ജനവും സമാധാനവും വാഴുന്ന നവീകൃത സമൂഹത്തിനായി കൊതിക്കുന്നവര്‍!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഒഡീഷയിലെ കാണ്ഡമാലില്‍ ക്രിസ്തീയവിരുദ്ധ നിഷ്ഠൂരാക്രമണങ്ങള്‍ നടന്നതിന്‍റെ  പത്താം വാര്‍ഷികമായ ആഗസ്റ്റ് 25 ന് ശനിയാഴ്‍ച കട്ടക്ക്-ഭുവനേശര്‍ അതിരൂപതയില്‍ അനുരഞ്ജന ദിവ്യബലിയര്‍പ്പിക്കപ്പെടും.

അവിടത്തെ സെന്‍റ് ജോസഫ് സ്കൂള്‍ മൈതാനിയാണ് യാഗവേദി.

കട്ടക്ക് ഭുവനേശ്വര്‍ അതിരൂപത ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ  സഹകരണത്തോടെയാണ് ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്.

പാരമ്പര്യമായി, സമാധാനപ്രിയരായ ഒഡീഷയിലെ ജനങ്ങളുടെ ചരിത്രത്തില്‍ കറുത്ത പാടു വീഴിത്തിയ മൃഗീയമായ ക്രീസ്തീയവിരുദ്ധാക്രമണങ്ങളുടെ ആ താള്‍ മറിക്കാനും അനുരഞ്ജനവും സമാധാനവും നിറഞ്ഞ നവീകൃത സമൂഹം കെട്ടിപ്പടുക്കാനും അവര്‍ ആഗ്രഹിക്കുന്നുവെന്ന് കട്ടക്ക് ഭുവനേശ്വര്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ജോണ്‍ ബര്‍വ്വാ ഒരു പ്രസ്താവനയില്‍ വെളിപ്പെടുത്തി.

ഒരു പതിറ്റാണ്ടു മുമ്പ് സംഭവിച്ച അത്തരം ക്രൂരകൃത്യങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്യുന്നു.

2008 ആഗസ്റ്റ് 25 നാണ് കാണ്ഡ്മാലില്‍ ക്രിസ്തീയ വിരുദ്ധര്‍ അഴിഞ്ഞാട്ടം ആരംഭിച്ചത്.

ഈ ആക്രമണങ്ങളില്‍ അനേകരുടെ ജീവന്‍ പൊലിഞ്ഞു, ദേവാലയങ്ങളും ഭവനങ്ങളും വിദ്യാലയങ്ങളും ആതുരാലയങ്ങളും കാര്യാലയങ്ങളും മറ്റും തകര്‍ക്കപ്പെട്ടു.

24 August 2018, 12:27