തിരയുക

ആലുവാപ്പുഴ കരകവിഞ്ഞൊഴുകി ആലുവാപ്പുഴ കരകവിഞ്ഞൊഴുകി 

വിഭാഗീയതകളില്ലാതെ സഹോദരങ്ങളെ സഹായിക്കാം : ദേശീയ മെത്രാന്‍സംഘം

ആഗസ്റ്റ് 15-Ɔο തിയതി ബുധനാഴ്ച രാവിലെ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെയാണ് കേരളത്തെ ഞെട്ടിപ്പിച്ച പേമാരി ദുരന്തത്തെ ഐക്യദാര്‍ഢ്യത്തോടെ നേരിടാന്‍ ഭാരതത്തിലെ ദേശീയ മെത്രാന്‍ സംഘം ജനങ്ങളോട് ആഹ്വാനംചെയ്തത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

പേമാരിയിലും വെള്ളപ്പൊക്കത്തിലും വേദനിക്കുന്ന കേരളീയരെ ജാതി-മത-രാഷ്ട്രീയ ഭേതമെന്യേ സഹായിക്കണമെന്ന് ഭാരതത്തിന്‍റെ മെത്രാന്‍ സമിതിക്കുവേണ്ടി, സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയദോര്‍ മസ്ക്കരേനസ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. ഏതാനും ദിവസങ്ങളില്‍ നാടകീയമായി മൂര്‍ദ്ധന്യത്തിലെത്തിയ പേമാരിയുടെ കെടുതിയില്‍ എഴുപതില്‍ അധികം പേര്‍ മരിക്കുകയും അനേകര്‍ മുറിപ്പെടുകയും ആയിരങ്ങള്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്തതിലുള്ള ദുഃഖം ദേശീയ മെത്രാന്‍ സംഘം വാക്കുകളില്‍ രേഖപ്പെടുത്തി.

വേദനിക്കുന്ന മലയാളക്കരയ്ക്കുള്ള സഹായം പ്രാര്‍ത്ഥനയില്‍ മാത്രം ഒതുക്കാതെ, സഭയുടെ സ്കൂളുകളും സ്ഥാപനങ്ങളും നിരാലംബര്‍ക്കായി തുറന്നു കൊടുക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ യുവജനസഖ്യങ്ങളും സംഘടനകളും സഹോദരങ്ങളെ സഹായിക്കാന്‍ അരമുറുക്കി ഇറങ്ങിപ്പുറപ്പെടണമെന്നും മെത്രാന്‍സംഘം ആഹ്വാനംചെയ്തു. മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും ദുരിതങ്ങള്‍ അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ഭക്ഷണം, കുടിവെള്ളി, വസ്ത്രം, അത്യാവശ്യം മരുന്ന് എന്നിവ ലഭ്യമാക്കാന്‍ സര്‍ക്കാരിനോടു സഹകരിച്ച് സഭാ പ്രസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും, സഭയുടെ ഉപവി പ്രസ്ഥാനം “കാരിത്താസ് ഇന്ത്യ”യോടും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് റാഞ്ചി അതിരൂപതയുടെ സഹായമെത്രാന്‍കൂടിയായ ബിഷപ്പ് മസ്ക്കരേനസ് അഭ്യര്‍ത്ഥിച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 August 2018, 19:06