തിരയുക

Vatican News
വര്‍ണ്ണനാചിത്രം -  ജീവന്‍റെ അപ്പം വര്‍ണ്ണനാചിത്രം - ജീവന്‍റെ അപ്പം  (Vatican News)

ഒരു അമല്‍ദേവ് - മനക്കിലച്ചന്‍ സുവിശേഷഗാനം : ജീവന്‍റെ അപ്പം

രചന ഫാദര്‍ ജോസഫ് മനക്കില്‍, സംഗീതം ജെറി അമല്‍ദേവ്, ആലാപനം അനൂപ്കുമാറും സംഘവും.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ശബ്ദരേഖ - ഗാനം ജീവന്‍റെ അപ്പം

“കരിസ്മാറ്റിക്ക്” എന്ന ശീര്‍ഷകത്തിന്‍റെ തനിമയും വകഭേദവും മാത്രമല്ല, രചനയിലും സംഗീതശൈലിയിലുമുള്ള അന്യൂനതയോടെയാണ് അമല്‍ദേവും മനക്കിലച്ചനും ഈ പുതിയ ഗാനങ്ങള്‍ കേരളത്തിനു സമ്മാനിച്ചത്. ഓരോ വരിയും തിരുവചനത്തിന്‍റെ ചുവടുപിടിച്ചുള്ളവയാണ്. ലളിതവും ശുദ്ധവുമായ മനക്കിലച്ചന്‍റെ ഭാഷാശൈലിക്കൊപ്പം വൈവിധ്യമാര്‍ന്ന അളവുകളും താളക്രമവും ശ്രദ്ധേയം തന്നെ. വരികളില്‍നിന്നും വചനത്തിന്‍റെ അന്തസ്സും അര്‍ത്ഥവും ചോര്‍ന്നുപോകാതെ അമല്‍ദേവ് സംഗീതസൃഷ്ടിചെയ്തിരിക്കുന്നു. രണ്ടുപേരുടെയും മനസ്സില്‍ ഗാനങ്ങള്‍ എല്ലാവരും പാടണമെന്ന ലക്ഷ്യം തെളിഞ്ഞുനില്ക്കുമാറ് അവയുടെ ലാളിത്യവും അവതരണ ശൈലിയും, ഒരു ആരോഹണ-അവരോഹണ ക്രമത്തില്‍ ഒതുക്കി നിറുത്തിയിരിക്കുന്നു. പ്രായവ്യത്യാസമില്ലാതെ ഒരു അജപാലന പരിസരത്തിന്‍റെ വളരെ സാധാരണമായ ചുറ്റുപാടിന് ഇണങ്ങുന്നതും സജീവമാകുന്നതുമാണ് അമല്‍ദേവിന്‍റെയും മനക്കിലച്ചന്‍റെയും കരിസ്മാറ്റിക്ക് ഗാനങ്ങള്‍.

മേല്പറഞ്ഞ വസ്തുതകള്‍ വിളിച്ചോതുന്ന ഗാനമാണ്

ജീവന്‍റെ അപ്പമാണു ഞാന്‍...!”   

ജീവന്‍റെ അപ്പമാണു ഞാന്‍ നിത്യ-
ജീവന്‍റെ അപ്പമാണു ഞാന്‍
സത്യമാണു ഞാന്‍ ജീവനാണു
നിത്യവും നയിച്ചിടുന്ന മാര്‍ഗ്ഗമാണു ഞാന്‍
- ജീവന്‍റെ അപ്പമാണു ഞാന്‍

സ്വര്‍ഗ്ഗം തുറന്നീധരേ വന്നു ഞാന്‍
മാര്‍ഗ്ഗം തെളിച്ചീടുവാന്‍ (2)
മാംസം ധരിച്ചീധരെ പാര്‍ത്തു ഞാന്‍
മാലോകരെ നിത്യവും പോറ്റുവാന്‍ (2)
- ജീവന്‍റെ അപ്പമാണു ഞാന്‍

തീര്‍ത്ഥാടനംചെയ്യുമീ ഭൂമിയില്‍
വാടിത്തളര്‍ന്നീടവേ (2)
വന്നീടുകില്‍ നിങ്ങളെന്‍ അന്തികെ
തന്നീടുമേ നിത്യമാം ജീവനെ (2)
- ജീവന്‍റെ അപ്പമാണു ഞാന്‍

കരിസ്മാറ്റിക്ക് ഗാനങ്ങള്‍ ആറു വാല്യങ്ങളുണ്ട്. ഓരോ വാല്യത്തിലും 10-ഉം 12-ഉം ഗാനങ്ങളുള്ള 6 കസെറ്റുകളായിരുന്നു ഏകദേശം 1984-മുതല്‍ 92-വരെ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയത്. ഇതിന്‍റെല്ലാം നിര്‍മ്മാതാവ് ഫാദര്‍ ജോസഫ് മനക്കില്‍ തന്നെയാണ്. അദ്ദേഹത്തിന്‍റേതായി ഗോതുരുത്തില്‍ പ്രവര്‍ത്തിച്ച ചെറിയ ‘സുവാര്‍ത്താകേന്ദ്ര’ത്തിന്‍റെ പേരിലാണ് ഇവ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ വില്‍സണ്‍ ഓഡിയോസ്, നിസരി, സി.എ.സി. എന്നീ സ്ഥാപനങ്ങളാണ് ഇവയുടെ വിതരണവും വില്പനയും നടത്തിയിട്ടുള്ളത്.

06 August 2018, 20:01