തിരയുക

യുവജനസംഗമം യുവജനസംഗമം 

ഇറ്റലിയിലെ യുവജനങ്ങള്‍ സിനഡിന് ഒരുക്കമായി സമ്മേളിക്കും

യുവജനങ്ങള്‍ക്കുവേണ്ടിയുള്ള മെത്രാന്മാരുടെ 15-Ɔമത് സാധാരണ സിനഡിന് ഒരുക്കമായി ദേശീയ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിലെ രണ്ടു ലക്ഷത്തോളം വരുന്ന യുവതീ യുവാക്കളാണ് രണ്ടു ഘട്ടമായി ആഗസ്റ്റ് മാസത്തില്‍ പെറൂജിയയിലും റോമിലും സംഗമിക്കുന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ആഗസ്റ്റ് 8-Ɔο തിയതി ബുധനാഴ്ച പെറൂജിയയില്‍ ആരംഭിക്കുന്ന സമ്മേളനത്തിന് 12-Ɔο തിയതി ഞായറാഴ്ച റോമില്‍ സമാപനം കുറിക്കുമ്പോള്‍.... അന്നു പ്രാദേശിക സമയം വൈകുന്നേരം 6.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ വേദിയില്‍ യുവജനങ്ങള്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്കും. ശനിയാഴ്ച 11, വൈകുന്നേരം റോമിലെ “ചീര്‍ക്കൊ മാക്സിമോ” (Circo Maximo) സ്റ്റേഡിയത്തില്‍ യുവജനങ്ങള്‍ ഒത്തുചേരുന്ന ജാഗരപ്രാര്‍ത്ഥനയും സമ്മേളനത്തിലെ‍ ശ്രദ്ധേയമായൊരു ഇനമാണ്. ദേശീയ കരിസ്മാറ്റിക്ക് പ്രസ്ഥാനം (Renewal in the Spirit Movement) ആഗസ്റ്റ് 7-Ɔο തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയാണ് ദേശീയ യുവജനസംഗമത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

ഗ്രൂപ്പുകളും സമൂഹങ്ങളുമായി ഇറ്റലിയുടെ നാനാഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 1900 കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങളില്‍നിന്നുമുള്ള 2 ലക്ഷത്തില്‍ അധികം യുവജനങ്ങളാണ് സിനഡിന് ഒരുക്കമായുള്ള പ്രാര്‍ത്ഥനയുടെയും പഠനത്തിന്‍റെയും സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്.
ആഗസ്റ്റ് 8-മുതല്‍ 11-വരെ തിയതികളില്‍ ഇറ്റലിയുടെ വടക്കന്‍ പ്രവിശ്യയായ പെറൂജിയയിലാണ് ആദ്യഘട്ടം സംഗമം. ആഗസ്റ്റ് 11, 12- ശനി, ഞായര്‍ ദിവസങ്ങളില്‍ റോമിലുമാണ്  യുവജനസംഗമത്തിന്‍റെ രണ്ടാംഘട്ടം. 

“യുവജനങ്ങളും അവരുടെ വിശ്വാസവും ജീവിത തിരഞ്ഞെടുപ്പുകളും…” എന്ന വിഷയവുമായി 2018 ഒക്ടോബര്‍ 3-മുതല്‍ 28-വരെ തിയതികളിലാണ് മെത്രാന്മാരുടെ 15-Ɔമത് സാധാരണ സിനഡു സമ്മേളനം പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ വത്തിക്കാനില്‍ നടക്കാന്‍ പോകുന്നത്.

“പ്രബുദ്ധമായ ജീവിത തിരഞ്ഞെടുപ്പുകള്‍ക്കായി
നിങ്ങളെ പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്നുവെങ്കില്‍
പ്രിയ യുജനങ്ങളേ, മടിക്കരുത്! അതുപോലെ ദിവ്യഗുരുവായ
ക്രിസ്തുവിനെ അനുഗമിക്കാന്‍
നിങ്ങളുടെ മനഃസാക്ഷി മന്ത്രിക്കുന്നുണ്ടെങ്കിലും, യുവജനങ്ങളേ...
നിങ്ങള്‍ പ്രത്യുത്തരിക്കാന്‍ വൈകരുത്.  
ഒരു നവലോക നിര്‍മ്മിതിക്ക് നിങ്ങള്‍ക്ക് കരുത്തുണ്ട്...!”   - പാപ്പാ ഫ്രാന്‍സിസ്.

(2017 ജനുവരിയില്‍ യുവജനങ്ങള്‍ക്കുവേണ്ടിയുള്ള സിനഡിന് ആഹ്വാനംചെയ്തുകൊണ്ടു പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തിന്‍റെ മുഖപ്രസ്താവനമാണിത്).

ഇറ്റലിയിലെ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ് സാല്‍വത്തോര്‍ മര്‍ത്തിനെസ്, നവകരണ പ്രസ്ഥാനത്തിന്‍റെ മറ്റു പ്രമുഖര്‍ മാരിയോ ലാന്‍റി, ലൂസിയാനാ ലിയോണെ, ഡോണ്‍ മരിയ എപിക്കോക്കോ എന്നിവര്‍ സംഗമത്തിന് നേതൃത്വംനല്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 August 2018, 20:27