തിരയുക

കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ 

തൊഴില്‍ ദൈവത്തിന്‍റെ സൃഷ്ടിയിലെ പങ്കുചേരല്‍

സമഗ്ര മാനവവികസനത്തിനുള്ള വത്തിക്കാന്‍ സംഘത്തലവന്‍ (Prefect of the Dicastery for Integral Human Development), കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്ക്സണ്‍ റോമിലെ “ചിവില്‍ത്ത കത്തോലിക്ക” (Civilta Cattolica), കത്തോലിക്ക സംസ്ക്കാരം എന്നു പേരുള്ള പ്രസിദ്ധീകരണത്തിനു ആഗസ്റ്റ് 1-Ɔο തിയതി ബുധനാഴ്ച നല്കിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗം :

- ഫാദര്‍ വില്യം നെല്ലിക്കല്‍

തൊഴിലിന്‍റെ മാഹാത്മ്യം
ശക്തനും സ്രഷ്ടാവുമായ ദൈവത്തെ  വിശുദ്ധ ഗ്രന്ഥത്തിലെ പഴയ നിയമം അതിമനോഹരമായി വരച്ചുകാട്ടുന്നുണ്ട്. ദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലും സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ചു. എന്നിട്ട് നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അവിടുന്ന് സൃഷ്ടിച്ചു നല്കിയ ഭൂമിയില്‍ അദ്ധ്വാനിച്ചു ജീവിക്കാന്‍ അവരോട് ദൈവം ആഹ്വാനംചെയ്തു. ദൈവത്തില്‍നിന്നുള്ള ഉല്പത്തിയും തൊഴില്‍ ചെയ്തു ജീവിക്കാനുള്ള ദൈവികാഹ്വാനവുമാണ് തൊഴിലിനെ മഹത്തമമാക്കുന്നത്.

തൊഴില്‍ ശിക്ഷയോ?!
വിശുദ്ധഗ്രന്ഥം വിവരിക്കുന്ന സൃഷ്ടിയുടെ പദ്ധതി പ്രകാരം തൊഴില്‍ സൃഷ്ടിയുടെ ഭാഗമാണ്. അതിനാല്‍ അനുദിനജീവിതത്തില്‍ നാം ചെയ്യുന്ന തെഴിലിനെ ശിക്ഷയായോ ശാപമായോ കാണരുത്. തൊഴില്‍ എന്തുമാവട്ടെ, അതിന്‍റെ കേന്ദ്രത്ത് ആയിരിക്കുന്നത് ദൈവത്തിന്‍റെ സൃഷ്ടിയുടെ മകുടമായ  മനുഷ്യന്‍തന്നെയാണ്. തൊഴിലിന്‍റെ ‘കര്‍ത്താവ്’ മനുഷ്യനാണെന്നു നമുക്കു പറയാം. അക്കാരണത്താല്‍ തൊഴില്‍ ശ്രേഷ്ഠവും അന്തസ്സുള്ളതുമാണ്.

തൊഴിലിന്‍റെ ശാരിക ആത്മീയമാനങ്ങള്‍
നാം അനുദിനം ചെയ്തു ജീവിക്കേണ്ട തൊഴിലിന് ഒരു ശാരീരിക മാനത്തോടൊപ്പം ഒരു ആത്മീയ തലവുമുണ്ട്. ശാരീരികമായ അദ്ധ്വാനത്തിന്‍റെ ഫലപ്രാപ്തിക്കും വിജയത്തിനും തൊഴിലിന്‍റെ ഭൗതിക മാറ്റത്തോട് ആത്മീയഭാവവും അനുദിനം നാം ഉള്‍ക്കൊള്ളേണ്ടതാണ്. അങ്ങനെ ആത്മീയ-ശരീരിക സമഗ്രതയുള്ള തൊഴില്‍ എത്ര ചെറുതാവട്ടെ, വലുതാവട്ടെ അന്തസ്സുള്ളതും സംതൃപ്തി തരുന്നതുമായി പരിണമിക്കും. അങ്ങനെ ഒരു സ്ത്രീയുടെയും പുരുഷന്‍റെയും വ്യക്തിത്വത്തിന്‍റെ അന്തസ്സും ആന്തരികതയും മാനിക്കുന്ന തൊഴില്‍ വ്യക്തി വളര്‍ച്ചയ്ക്കു മാത്രമല്ല, സമൂഹത്തിന്‍റെ വികാസത്തിനും നന്മയ്ക്കും ഉപകരിക്കുന്നതായി മാറും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 August 2018, 10:41