തിരയുക

സാന്‍ സാല്‍വദേറില്‍  തിരുശേഷിപ്പ് കൈമാറിയപ്പോള്‍ സാന്‍ സാല്‍വദേറില്‍ തിരുശേഷിപ്പ് കൈമാറിയപ്പോള്‍ 

വാഴ്ത്തപ്പെട്ട ഓസ്കര്‍ റൊമേരോ - ആഗോള യുവജനോത്സവത്തിന്‍റെ മദ്ധ്യസ്ഥന്‍

എല്‍ സാല്‍വദോറിലെ രക്തസാക്ഷി, വാഴ്ത്തപ്പെട്ട ഓസ്കര്‍ റൊമേരോയുടെ തിരുശേഷപ്പ് പനാമയിലെ ലോക യുവജനോത്സവത്തിന് എത്തും. ആഗസ്റ്റ് ഒന്നാം തിയതി ബുധനാഴ്ച സാന്‍ സാല്‍വദോറില്‍ നടന്ന ലഘുവായ ചടങ്ങില്‍ സ്ഥലത്തെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ലൂയി എസ്കൊബാറാ രക്ഷസാക്ഷിയായ വാഴ്ത്തപ്പെട്ട റൊമേരോയുടെ വാരിയെല്ലിന്‍റെ ഒരംശം ലോക യുവജനോത്സവത്തിന് ആതിഥ്യം നല്കുന്ന പനാമയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ഡൊമീങ്കോ ഉളോവായെ ഒരു ചെറുപേടകത്തില്‍ ഏല്പിച്ചു. രക്ഷസാക്ഷിയാ ഓസ്ക്കര്‍ റൊമേരോയെ പനാമ ലോക യുവജനോത്സവത്തിന്‍റെ മദ്ധ്യസ്ഥരില്‍ ഒരാളായി അതോടെ പ്രഖാപിക്കപ്പെടുകയാണ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

2019 ജനുവരി 22-മുതല്‍ 27-വരെയാണ് പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുന്ന ലോകയുവജനോത്സവം മദ്ധ്യമേരിക്കാന്‍ രാജ്യമായ പനാമയില്‍ സംഗമിക്കാന്‍ പോകുന്നത്.

നെഞ്ചെല്ലിന്‍റെ തിരുശേഷിപ്പ്
ഒക്ടോബര്‍ 14-ന് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ പോകന്ന വാഴ്ത്തപ്പെട്ട ഓസ്കര്‍ റൊമേരോയുടെ തിരുശേഷിപ്പ് പനാമയില്‍ എത്തുന്നതും സിദ്ധനെ യുവജനമേളയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിക്കുന്നതും സാഹോദര്യത്തിന്‍റെ പ്രതീകമാണ്. കാരണം പുണ്യപുരുഷനായ റൊമേരോ ലാറ്റിനമേരിക്കന്‍ പുത്രനും യുവജനങ്ങള്‍ക്ക് പ്രചോദനമേകുന്ന ഒരാത്മീയ വിപ്ലവനായകനുമാണ്. തിരുശേഷിപ്പു സ്വീകരിച്ച പനാമയുടെ മെത്രാപ്പോലീത്ത ആര്‍ച്ചുബിബഷപ്പ് ഉളോവയുടെ പ്രസ്താവനയാണിത്. കാരണം രക്തസാക്ഷിയായ റൊമേരോ അമേരിക്കയുടെ സന്തതിയാണ്.

അള്‍ത്താരയിലെ യാഗവസ്തു
1917 ആഗസ്റ്റ് 15-ന് എല്‍ സാല്‍വദോറിലെ ച്യൂദാദ് ബാരിയോസിലാണ് ഓസ്കര്‍ റൊമേരോയുടെ ജനനം. സാന്‍ സാല്‍വദോറിന്‍റെ മെത്രാപ്പോലീത്തയായിരുന്നു 1977-മുതല്‍
1980 മാര്‍ച്ച് 24-ന് മരിക്കുംവരെ.

പാവങ്ങളായ ജനങ്ങള്‍ക്കെതിരെയുള്ള സര്‍ക്കാരിന്‍റെ അനീതിക്കും അതിക്രമങ്ങള്‍ക്കും എതിരെ ശബ്ദമുയര്‍ത്തിയതായിരുന്നു റൊമേരോയുടെ രക്തസാക്ഷിത്ത്വത്തിനു കാരണം. 1980 മാര്‍ച്ച്  24-Ɔο തിയതി ഞായറാഴ്ച രാവിലെ ജനങ്ങള്‍ക്കൊപ്പം ഭദ്രാസന ദേവാലയത്തില്‍ ബലിയര്‍പ്പിക്കവെ അദ്ദേഹം അല്‍ത്താരയില്‍ ഘാതകരുടെ വെടിയേറ്റു മരിക്കുകയാണുണ്ടായത്.  രക്തസാക്ഷിയായ ഓസ്കര്‍ റൊമേരോയെ 2015-ല്‍ സഭ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തി.

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ, വൈദികരായ ഫ്രാന്‍ചേസ്ക്കൊ സ്പിനേലി, വിന്‍ചേന്‍സൊ റൊമാനോ, സന്ന്യാസിനികളായ മരിയ ക്യാതറീന കാസ്പര്‍, വിശുദ്ധ കൊച്ചുത്രേസ്യായുടെ നസറിയ ഇഗ്നാസിയ, അല്‍മായനായ ന്യൂണ്‍ഷ്യോ സുള്‍പ്രീസിയോ എന്നിവര്‍ക്കൊപ്പം വത്തിക്കാനിലെ പൊതുവേദിയില്‍ ഒക്ടോബര്‍ 14-ന് പാപ്പാ ഫ്രാന്‍സിസ് ഓസ്ക്കര്‍ റൊമേരോയെയും വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തും. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 August 2018, 17:03