തിരയുക

പാപ്പ ലൂച്യാനി പാപ്പ ലൂച്യാനി 

ഓര്‍മ്മച്ചെപ്പിലെ “പുഞ്ചിരിക്കുന്ന പാപ്പാ” !

നാല്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് കര്‍ദ്ദിനാള്‍ അല്‍ബീനോ ലൂച്യാനി ആഗോളസഭയുടെ പരമാദ്ധ്യക്ഷനും പത്രോസിന്‍റെ പിന്‍ഗാമിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പാ, ഒരപൂര്‍വ്വനാമം!! ചരിത്രത്തില്‍ ഏറ്റവും ഹ്രസ്വകാലം സഭയെ ഭരിച്ച പാപ്പാ!!

- ഫാദര്‍ വില്യം നെല്ലിക്കല്‍

വെനീസിലെ മെത്രാപ്പോലീത്ത ലൂച്യാനി
ആഗസ്റ്റ് 26, 1978-ലായിരുന്നു ഇറ്റലിയിലെ വെനീസ് അതിരൂപതാദ്ധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ അല്‍ബീനോ ലൂച്യാനി പാപ്പാസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം ജോണ്‍പോള്‍ ഒന്നാമന്‍ എന്ന പേരു സ്വീകരിച്ചു. മുന്‍ഗാമിമാരായിരുന്ന രണ്ടു പാപ്പാമാരുടെ - ജോണ്‍ 23-Ɔമന്‍ പാപ്പായുടെ ജീവിതവിശുദ്ധിയും, പോള്‍ ആറാമന്‍ പാപ്പായുടെ ബുദ്ധികൂര്‍മ്മതയും തന്‍റെ ജീവിതത്തില്‍ ഉണ്ടാകണമേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഒരു സങ്കരനാമം, “ജോണ്‍പോള്‍ ഒന്നാമന്‍” എന്നു സ്വീകരിച്ചതെന്ന് കര്‍ദ്ദിനാള്‍ ലൂച്യാനിതന്നെ പേരിനെക്കുറിച്ച് വ്യാഖ്യാനിച്ചിട്ടുണ്ട്.

പുഞ്ചിരിയുമായൊരു പാപ്പാ!
ചുണ്ടുകളില്‍ ഒരു ചെറുപുഞ്ചിരി സദാ തത്തിക്കളിച്ചിരുന്ന ജോണ്‍പോള്‍ ഒന്നാമനെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലോകം “പുഞ്ചിരിക്കുന്ന പാപ്പാ,” The Smiling Pope എന്നു വിളിക്കാന്‍ തുടങ്ങി. എന്നാല്‍ നിര്‍ഭാഗ്യമേ, പാപ്പാ ലൂചിയാന്നി 33 ദിവസങ്ങള്‍ മാത്രമേ പത്രോസിന്‍റെ പിന്‍ഗാമിപദത്തില്‍ ജീവിച്ചുള്ളൂ. രക്തം കട്ടപിടിക്കുന്ന അത്യപൂര്‍വ്വരോഗത്തിന്‍റെ (Thrombosis) പിടിയില്‍ ജന്മനാകുടുങ്ങിയ ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പാ 1978 ആഗസ്റ്റ് ഒന്നിന്‍റെ രാത്രിയുടെ യാമങ്ങളില്‍ വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലെ കിടപ്പറയില്‍ അന്ത്യവിശ്രമത്തിലാഴ്ന്നു!

ജോണ്‍പോള്‍ ഒന്നാമനും പിന്നെ രണ്ടാമനും
ജീവിതസ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുംമുന്‍പേ സ്വര്‍ഗ്ഗംപൂകിയ തന്‍റെ മുന്‍ഗാമിയുടെ പേരുതന്നെ ഏറ്റെടുക്കുന്നു എന്നു പറഞ്ഞാണ് 1978 ഒക്ടോബര്‍ 16-ന് പോളണ്ടുകാരനായ കര്‍ദ്ദിനാള്‍ കരോള്‍ വോയ്ത്തീവ സ്ഥാനാരോപിതനായതും “ജോണ്‍പോള്‍ രണ്ടാമന്‍” എന്ന നാമം സ്വീകരിച്ചതും.

ധന്യനായ പാപ്പാ ലൂച്യാനി
പാപ്പാ ലൂചിയാനിയുടെ അജപാനസ്നേഹവും നന്മയും തൊട്ടറിഞ്ഞിട്ടുള്ളതിനാല്‍ പിന്‍ഗാമിയായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 2003 നവംബര്‍ 23-ന് അദ്ദേഹത്തിന്‍റെ നാമകരണ നടപടിക്രമങ്ങള്‍ക്ക് തുടക്കമിടുകയും ദൈവദാനായി (Servant of God) അംഗീകരിക്കുകയും ചെയ്തു. പിന്നീട് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കുള്ള വത്തിക്കാന്‍ സംഘം പരിശോധിച്ച ജോണ്‍പോള്‍ ഒന്നാമന്‍റെ ജീവിതപുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് 2017 നവംബര്‍ 8-Ɔο തിയതി പാപ്പാ ഫ്രാന്‍സിസാണ് അദ്ദേഹത്തെ ധന്യരുടെ പദത്തിലേയ്ക്ക് (Venerable) ഉയര്‍ത്തിയത്.

മനുഷ്യസ്നേഹിയായിരുന്ന ജോണ്‍പോള്‍ ഒന്നാമന്‍ പാപ്പായുടെ സ്മരണയ്ക്കുമുന്നില്‍ പ്രാര്‍ത്ഥനാഞ്ജലി!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 August 2018, 18:06