സങ്കീര്‍ത്തനങ്ങളുടെ നാട്ടില്‍ - ജരൂസലേം സങ്കീര്‍ത്തനങ്ങളുടെ നാട്ടില്‍ - ജരൂസലേം 

സങ്കീര്‍ത്തന പദങ്ങളിലെ സ്തുതിപ്പിനുള്ള ആഹ്വാനം

സങ്കീര്‍ത്തനം 147-ന്‍റെ പഠനം – ഭാഗം 3 : മനോഹരമായ ഈ സ്തുതിപ്പിന്‍റെ ആദ്യത്തെ 6 പദങ്ങളുടെ വ്യാഖ്യാനം നാം ശ്രദ്ധിച്ചതാണ്, ശ്രവിച്ചതാണ്. സ്തുതിക്കാനുള്ള ആഹ്വാനമാണ് ആദ്യത്തെ പദം നല്കുന്നത്. “യാഹ്വെയെ പ്രകീര്‍ത്തിക്കുവിന്‍.... അവിടുത്തേയ്ക്ക് സ്തുതിപാടുന്നത് ഉചിതമത്രേ.. അവിടുന്നു സ്തുതിക്കു യോഗ്യനാണ്...”
PSALMS (145)

 താഴേവരുന്ന ആറു പദങ്ങളും സ്തുതിപ്പിനുള്ള കാരണങ്ങള്‍ എണ്ണിപ്പറയുന്നത് ഓര്‍ക്കുന്നുണ്ടാകും.

2. ചിതറിപ്പോയ ജരൂസലത്തെ കര്‍ത്താവ് പണിതുയര്‍ത്തുന്നു.
ഇസ്രായേലില്‍നിന്നു വിപ്രവാസത്തിലായിരുന്നുവരെ ഇതാ, അവിടുന്നു ഒരുമിച്ചുകൂട്ടുന്നു.

3. ഹൃദയം തകര്‍ന്നവരെ അവിടുന്നു സൗഖ്യപ്പെടുത്തുന്നു,
അവരുടെ മുറിവുകള്‍ കര്‍ത്താവ് വച്ചുകെട്ടുന്നു.

4.  നക്ഷത്രങ്ങളുടെ എണ്ണം കര്‍ത്താവു തിട്ടപ്പെടുത്തുന്നതുപോലെ.
ഏറെ കരുതലോടും കാവലോടുംകൂടെ ജനത്തെ കര്‍ത്താവ് എണ്ണിതിട്ടപ്പെടുത്തുന്നു.
കൂട്ടത്തില്‍ ഒന്നുപോലും കുറയാതെ കാക്കുന്ന
ഇസ്രായേലിന്‍റെ ഇടയനായവന്‍, നല്ലിടയനായ യാഹ്വേ, ദൈവം!
അവയോരോന്നിനെയും പേരുചൊല്ലി വിളിക്കുന്നു.

5.  ദൈവം വലിയവനും കരുത്തുറ്റവനുമാണ് അവിടുന്നു അന്തജ്ഞാനിയാണ്.
അവസാനമായി, 

6.  ദൈവം എളിയവരെ തുണയ്ക്കുകയും അവരെ കൈപിടിച്ച്
ഉയര്‍ത്തുകയും ചെയുന്നു.  ദുഷ്ടരെ അവിടുന്നു തകിടംമറിക്കുന്നു...
അങ്ങനെ സ്തുതിക്കാനുള്ള കാരണങ്ങള്‍ ഇവിടെ വ്യക്തമാണ്.

ഈ ഗീതം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.
ആലാപനം ബിന്ദു ജോസഫും സംഘവും.

Musical Version : Pslam 147
ഹൃദയംതകര്‍ന്ന മാനവരെ സുഖമാക്കുന്നു സകലേശന്‍
സമുഖമാക്കുന്നു സകലേശന്‍. (2)
കര്‍ത്താവു വലിയവനും കരുത്തുറ്റവനുമാണ്
അവിടുത്തെ ജ്ഞാനം അളവറ്റതാണ്
കര്‍ത്താവു തന്‍റെ എളിയവരെ ഉയര്‍ത്തുന്നു
ദൈവമേ, ദുഷ്ടരെ അവിടുന്നു നിലംപരിശാക്കുന്നു
-   ഹൃദയംതകര്‍ന്ന

ഇന്നു നമുക്ക് 147-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ 7-11-വരെയുള്ള പദങ്ങളുടെ വ്യാഖ്യാനത്തിലേയ്ക്ക് കടക്കാം. ഇത് സങ്കീര്‍ത്തനത്തിന്‍റെ രണ്ടാമത്തെ ഭാഗമായിട്ടാണ് നാം മനസ്സിലാക്കേണ്ടത്. കൃതജ്ഞതയ്ക്കുള്ള ആഹ്വാനത്തോടെയാണ് ഈ ഭാഗം ആരംഭിക്കുന്നത്. ആദ്യം 7-Ɔമത്തെ പദമാണ് ആഹ്വാനം നല്കുന്നത്. അതു നമുക്കു ശ്രവിക്കാം.

Recitation :
7.കര്‍ത്താവിനു കൃതജ്ഞതാഗാനം ആലപിക്കുവിന്‍
കിന്നിരം മീട്ടി (2) നമ്മുടെ ദൈവത്തെ സ്തുതിക്കാം.

കിന്നരം മീട്ടിക്കൊണ്ട് ദൈവത്തെ സ്തുതിക്കുയും കൃതജ്ഞത അര്‍പ്പിക്കുകയുംചെയ്യാം. ഓര്‍ക്കുകയാണെങ്കില്‍ സങ്കീര്‍ത്തനത്തിന്‍റെ ആദ്യ ഭാഗത്ത് ഗായകന്‍ ദൈവത്തെ സ്തുതിച്ചത്  അവിടുന്ന്, ദൈവം ഇസ്രായേലിനോടു കാണിച്ച കാരുണ്യാതിരേകങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണ്. എന്നാല്‍ സ്തുതിപ്പിന്‍റെ രണ്ടാംഭാഗത്ത്  7-11 മുതല്‍ വരെയുള്ള പദങ്ങളില്‍, ദൈവത്തിന്‍റെ സൃഷ്ടിവൈഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണിപ്പോള്‍ അവിടുത്തേയ്ക്ക് ഗായകന്‍ സ്തുതിപാടുന്നത്. മനോഹരവും ലളിതവുമായ പദങ്ങളില്‍ സ്തുപ്പിനുള്ള കാരണങ്ങള്‍ ഒന്നൊന്നായി ചുരുളഴിയിക്കുന്നത് ഇന്നു നമുക്ക് ശ്രവിക്കാം. നന്ദിപറയാനുള്ള കാരണം നമുക്ക് എട്ടാമത്തെ പദത്തില്‍ ശ്രവിക്കാം.

Recitation :
8. അവിടുന്നു വാനിടത്തെ മേഘംകൊണ്ടു മൂടുന്നു
ഭൂമിക്കായി അവിടുന്നു മഴയൊരുക്കുന്നു
അവിടുന്നു മലകളില്‍ പുല്ലു മുളപ്പിക്കുന്നു.

ഈ പദത്തില്‍ സങ്കീര്‍ത്തകന്‍ കര്‍ത്താവു തരുന്ന മഴയ്ക്ക് നന്ദിപറയുകയാണ്. ഭൂമിയില്‍ പുല്ലുമുളപ്പിക്കുകയും സസ്യലതാദികളെ നനച്ച് നിലനിറുത്തുകയും ചെയ്യുന്നത് മഴയാണ്. അതു ഭൂമിക്ക് ജലം നല്കുന്നു. വരള്‍ച്ചയുടെ വിപീരാതനുഭവങ്ങള്‍ അറിയാവുന്ന നമുക്ക് സങ്കീര്‍ത്തകന്‍റെ ആശയങ്ങള്‍ പെട്ടന്നു മനസ്സിലാകും. വാനിടത്തെ കര്‍ത്താവു മേഘംകൊണ്ട് ആവരണംചെയ്യുന്നെന്ന് വരികളില്‍ വിവരിക്കുമ്പോള്‍... ഭൂമിക്കായി മഴ ഒരുക്കുന്നതിനാണ് അതെന്ന് 8-Ɔമത്തെ പദം വ്യക്തമായി പറയുന്നുണ്ട്. ഇംഗ്ലിഷില്‍ Rain Clouds, മഴക്കാര് എന്നാണ് RSV പരിഭാഷപ്പെടുത്തിയിരിക്കുന്നത്. കാരെടുത്താല്‍ മഴ ഉറപ്പാണ്. ഉടനെ മഴ പെയ്യും... കാരണവന്മാര്‍ പറയാറുണ്ടല്ലോ, ഇതാ... കാരെടുക്കുന്നുണ്ട്! ഉടനെ മഴ ഉറപ്പാണ്. കരുതിയില്ലെങ്കില്‍ നാം മഴ നനയേണ്ടിവരും.

മഴയില്ലാതെ ഭൂമിയില്‍ ഒന്നിനും മുളപൊട്ടുകയില്ല. ഭൂമി തരിശായിരിക്കും. ഒരു പുല്ലുപോലും മുളയ്ക്കില്ല. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യമായ ജലം ദൈവത്തിന്‍റെ ദാനമാണ്, ദൈവം നല്കുന്ന ഓഹരിയാണിത്. സമയാസമയങ്ങളില്‍ അത് നമുക്ക് ദൈവം അനുഗ്രഹമായി, അനുഗ്രഹവൃഷ്ടിയായി തരുന്നതിനാലാണ് സസ്യലതാദികള്‍ ജീവിക്കുന്നത്, മാത്രമല്ല മനുഷ്യന്‍റെ മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ - കൃഷി, വ്യാവസായങ്ങള്‍ എന്നിവ മുന്നോട്ടു പോകുന്നതും മഴയെന്ന ദൈവികദാനത്തില്‍ ആശ്രയിച്ചാണ്.

Musical Version : Pslam 147
ഹൃദയംതകര്‍ന്ന മാനവരെ സുഖമാക്കുന്നു സകലേശന്‍
സുഖമാക്കുന്നു സകലേശന്‍. (2)
ഹൃദയംതകര്‍ന്നവരെ കര്‍ത്താവ് സുഖപ്പെടുത്തുന്നു
അവിടുന്ന് അവരുടെ മുറിവുകള്‍ വച്ചുകെട്ടുന്നു
അവിടുന്ന് നക്ഷത്രങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നു.
ദൈവമേ, അവയോരോന്നിനും അവിടുന്നു പേരിടുന്നു.
-   ഹൃദയംതകര്‍ന്ന

ഇനി 9, 10, 11 പദങ്ങള്‍ പരിശോധിച്ചാല്‍ മഴയെക്കുറിച്ചുള്ള 8-‍Ɔമത്തെ പദം പോലെതന്നെ പ്രകൃതിയും പ്രപഞ്ചത്തെയുംക്കറിച്ചാണ് അവയുടെ പ്രതിപാദനം. പ്രകൃതിയെയും അതിന്‍റെ പ്രതിഭാസങ്ങളെയും ദൈവം നിയന്ത്രിക്കുന്നു. അവിടുന്നാണ് മനുഷ്യന്‍റെ വത്സരങ്ങളെ ഫലപുഷ്ടമാക്കുന്നത്. സകലജീവജാലങ്ങളെയും അവിടുന്നു തീറ്റിപ്പോറ്റുന്നു. മനുഷ്യന്‍റെ ശക്തിയും തന്ത്രങ്ങളും ദൈവികശക്തിക്കു മുന്നില്‍ തുലോം നിസ്സാരങ്ങളാണെന്ന് സങ്കീര്‍ത്തകന്‍ ഏറ്റുപറയുന്നു. എന്നാല്‍ അവിടുത്തെ മുമ്പില്‍ വിലപ്പെട്ടത് മനുഷ്യന്‍തന്നെ – ദൈവഭയമുള്ളവരും, അവിടുത്തെ കാരുണ്യത്തിനായി കാത്തിരിക്കുന്നവരുമായ ജനതയാണ് അവിടുത്തേയ്ക്ക് വിലപ്പെട്ടവര്‍, അവിടുത്തേയ്ക്ക് പ്രിയപ്പെട്ടവരെന്ന് ഗായകന്‍ സ്ഥാപിക്കുന്നു.

Recitation :
മൃഗങ്ങള്‍ക്കും കരയുന്ന കാക്കക്കുഞ്ഞിനും
കര്‍ത്താവ് ആഹാരംനല്കുന്നു. ദൈവം അവയെ പരിപാലിക്കുന്നു.
മേല്‍പ്പദം ശ്രവിക്കുന്ന മാത്രയില്‍ നമ്മുടെ ചിന്ത പുതിയ നിയമത്തില്‍ ക്രിസ്തുവിന്‍റെ വാക്കുകളിലേയ്ക്കാണ് പാഞ്ഞുപോകുന്നത്.

Recitation : 
“ആകാശത്തിലെ പറവകളെ നോക്കുക. അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല.
കളപ്പുരയില്‍ ശേഖരിക്കുന്നില്ല. എങ്കിലും സ്വര്‍ഗ്ഗസ്ഥനായ പിതാവ്
അവയെ തീറ്റിപ്പോറ്റുന്നു.” (മത്തായി 6, 26).

ദൈവം അറിയാതെ നാം കാണുന്ന പക്ഷിക്കൂട്ടത്തില്‍ ഒന്നുപോലും നശിക്കുകയില്ല. അവിടുന്ന് അവയെ പരിപാലിക്കുന്നു നയിക്കുന്നു. അവയെ തീറ്റിപ്പോറ്റുന്നു. അവയെല്ലാം സ്രഷ്ടാവായ ദൈവത്തിന്‍റെ  കണക്കുകൂട്ടലില്‍ എണ്ണി തിട്ടപ്പെടുത്തപ്പെട്ടിട്ടുള്ളതാണെന്ന് ക്രിസ്തു പരാമര്‍ശിക്കുന്നത്... സങ്കീര്‍ത്തകന്‍ സമര്‍ത്ഥിക്കുന്നില്ലേ... തന്‍റെ വരികളില്‍...!

Recitation :
“ഒരു നാണയത്തിനു രണ്ടു കുരുവികള്‍ വില്ക്കപ്പെടുന്നില്ലേ?
നിങ്ങളുടെ പിതാവിന്‍റെ അറിവുകൂടാതെ അവയില്‍ ഒന്നുപോലും നിലംപതിക്കുയില്ല.
നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. അതിനാല്‍
ഭയപ്പെടേണ്ട. അനേകം കുരുവികളെക്കാള്‍ നിങ്ങള്‍ വിലയുള്ളവരാണല്ലോ.” 

(മത്തായി 10, 26). തുടര്‍ന്നുള്ള രണ്ടു പദങ്ങളില്‍ - 10-ഉം 11-ഉം പദങ്ങളില്‍ സങ്കീര്‍ത്തകന്‍ കുറിക്കുന്നത് നിഷേധാത്മകമായ കാര്യങ്ങളാണ്. ദൈവത്തിന് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍... നമുക്ക് ശ്രദ്ധിക്കാം.

Recitation :
10. പടക്കുതിരയുടെ ബലത്തില്‍ അവിടുന്നു സന്തോഷിക്കുന്നില്ല
ഓട്ടക്കാരന്‍റെ വേഗതയില്‍ അവിടുന്നു പ്രസാദിക്കുന്നില്ല.

അവിടുന്ന് കുതിരയുടെ കരുത്തിലോ, ഓട്ടക്കാരന്‍റെ വേഗതയിലോ, കരബലത്തിലോ തല്പരനല്ല, പ്രസാദിക്കുന്നില്ല. പഴയ കാലത്ത് യുദ്ധത്തിന് ഉപയോഗിച്ചിരുന്ന മൃഗമാണ് കുതിര. അപ്പോള്‍ യുദ്ധത്തില്‍ ദൈവം സന്തോഷിക്കുന്നില്ല എന്നാണര്‍ത്ഥം. ഒപ്പം കുതിരയിലേറുന്ന യോദ്ധാവിന്‍റെ ബലത്തിലും വേഗതയിലും ദൈവം പ്രീതനല്ല. യുദ്ധവും കലാപങ്ങളും, കൊല്ലലും കൊലയും അവിടുന്നു വെറുക്കുന്നു, എന്നു സങ്കീര്‍ത്തകന്‍ പദങ്ങളില്‍ സ്ഥാപിക്കുന്നു. നേതി, നേതി...നേതി... ഇല്ല, ഇല്ല, ഇല്ല .... ഇതൊന്നും ദൈവം ആഗ്രഹിക്കുന്നല്ല. ഇഷ്ടപ്പെടുന്നില്ല! പിന്നെന്നന്താണ് അവിടുന്ന് ഇഷ്ടപ്പെടുന്നത്? അവിടുത്തെ പതറാത്ത സ്നേഹത്തിലും കാരുണ്യത്തിലും പ്രത്യാശയര്‍പ്പിച്ച് ജീവിക്കുന്നവരെ ദൈവം സനേഹിക്കുന്നു, ദൈവം അവരെ മാനിക്കുന്നു, കര്‍ത്താവു കാക്കുന്നു, പരിപാലിക്കുന്നു. അടുത്തപദം, 11-Ɔമത്തെ പദം അതു വ്യക്തമാക്കുന്നുണ്ട്.
Recitation :

11.തന്നെ ഭയപ്പെടുകയും തന്‍റെ കാരുണ്യത്തില്‍
പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിലാണു കര്‍ത്താവു പ്രസാദിക്കുന്നത്.

Musical Version : Pslam 147
ഹൃദയംതകര്‍ന്ന മാനവരെ സുഖമാക്കുന്നു സകലേശന്‍
സമുഖമാക്കുന്നു സകലേശന്‍. (2)
കര്‍ത്താവു വലിയവനും കരുത്തുറ്റവനുമാണ്
അവിടുത്തെ ജ്ഞാനം അളവറ്റതാണ്

കര്‍ത്താവു തന്‍റെ എളിയവരെ ഉയര്‍ത്തുന്നു
ദൈവമേ, ദുഷ്ടരെ അവിടുന്നു നിലംപരിശാക്കുന്നു.
        -   ഹൃദയംതകര്‍ന്ന

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 July 2018, 10:03