തിരയുക

GESU GESU 

ഇത്രയും സ്നേഹം...! തദേവൂസച്ചന്‍റെ ഒരാര്‍ദ്രഗീതം

ദൈവസ്നേഹം പ്രകീര്‍ത്തിക്കുന്ന ഫാദര്‍ തദേവൂസ് അരവിന്ദത്തിന്‍റെ ഒരു പുതിയ ഗാനം ...!

- ഫാദര്‍ വില്യം നെല്ലിക്കല്‍

Love song

തദേവൂസ് അരവിന്ദത്ത് അച്ചന്‍റെ പ്രസിദ്ധപ്പെടുത്താത്ത ഗാനങ്ങളില്‍ ഒന്നാണ് - ഇത്രയും സ്നേഹം...!
അമേരിക്കയിലെ ഇടവക ജോലിക്കടില്‍ അച്ചന്‍ കുറിച്ചതാണ് ഈ ഭക്തിഗാനം.
ദൈവസ്നേഹം വര്‍ണ്ണിച്ചിടാന്‍ വാക്കുകള്‍ പോരാ... എന്ന തദേവൂസച്ചന്‍റെ പ്രശസ്തമായ ഗാനംപോലെ തന്നെ,
ദൈവസ്നേഹം പ്രഘോഷിക്കുന്ന ഒരാര്‍ദ്രഗാനമാണിത്. ജീവിതപരിസരങ്ങളുടെ വ്യഥകളില്‍
യേശുവിനെ കണ്ടുമുട്ടുന്ന വ്യക്തിയുടെ ഭാവാത്മകത ലാളിത്യമാര്‍ന്ന വരികളില്‍ കോറിയിട്ടുകൊണ്ട്
അച്ചന്‍ ആത്മീയതയുടെ ഒരു ദൃശ്യബിംബം സൃഷ്ടിചെയ്തിരിക്കുന്നു!

വരികള്‍ക്ക് ഇണങ്ങുന്ന മനോഹരമായ ഈണംനല്കിയത് ഇപ്പോള്‍ അമേരിക്കയില്‍
കുടുംബസമേതം വസിക്കുന്ന ഹെക്ടര്‍ ലൂയിസാണ്. അദ്ദേഹത്തിന്‍റെ ഗിറ്റാര്‍ തന്ത്രികളും
സ്വരാലാപനവും ഈണത്തോടൊപ്പം ഗാനത്തില്‍ അലയടിക്കുന്നു.

മനീഷയുടെ ആലാപനം ഭാവാത്മകവും, ഭക്തിരസം തുളുമ്പുന്നതും, വികാരാത്മകവുമാണ്!

ഈ നല്ല ഗാനത്തിന്‍റെ നിര്‍മ്മിതിയില്‍ പങ്കുചേര്‍ന്ന എല്ലാകലാകാരന്മാര്‍ക്കും
അഭിനന്ദനങ്ങള്‍!! ഗാനം ഉപയോഗിക്കാന്‍ അച്ചന്‍ തന്ന അനുവാദത്തിനും ഔദാര്യത്തിനും
പ്രാര്‍ത്ഥനയോടെ നന്ദിപറയുന്നു!

ഇത്രയും സ്നേഹം...!

പല്ലവി
ഇത്രയും സ്നേഹം ഒന്നിച്ചു തന്നാല്‍
എങ്ങിനെ ഉള്‍ക്കൊള്ളും ഞാന്‍ (2)
യേശുവേ, ഓര്‍ക്കുമ്പോള്‍ കണ്ണീര്‍ വരും.

അനുപല്ലവി
കൃത്യമായെന്‍റെ പ്രശ്നങ്ങള്‍ക്കെല്ലാം
ഉത്തരംനല്കുന്നു നീ, സ്നേഹമേ!
തോറ്റു ഞാന്‍ നിന്‍റെ മുന്‍പില്‍.
- ഇത്രയും സ്നേഹം...

ചരണം 1
തകര്‍ന്നു ചിതറിയ ജീവിതമിന്നിതാ
തപ്പിപ്പെറുക്കി ഞാന്‍ കൊണ്ടുവന്നു (ആ...)
മറന്നുപൊയ്ക്കാണും നീ എന്നെ നിശ്ചയം!
എന്നു നിനച്ചു ഞാന്‍ ദൂരെ നിന്നു
ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിഞ്ഞെന്നെ
കെട്ടിപ്പുണര്‍ന്നമ്മ തന്നു
അവില്‍പ്പൊതിയില്ല കാണിക്കയേകാന്‍
എങ്കിലും നീ എന്നെ വിളിച്ചൂ
വിരുന്നു വിളമ്പിത്തരുന്നു.
- ഇത്രയും സ്നേഹം...

ചരണം 2
കരഞ്ഞു തീര്‍ക്കേണ്ടതല്ലീ ജീവിതം
പൊട്ടിച്ചിരിച്ചു ഞാന്‍ നൃത്തമാടും (ആ...)‌
ഭയന്നു മാറില്ല ഭീഷണി നേരിടും
ചങ്കുറപ്പുള്ള നിന്‍ കൈപിടിക്കും
ആരുടെ മുന്നിലും തലകുനിക്കാതെ
അങ്ങയെ മാത്രം സ്തുതിക്കും
ആയുഷ്ക്കാലം മുഴുവനുമങ്ങേ
അങ്കണത്തില്‍ ഞാന്‍ വസിക്കും
ആത്മാവില്‍ നിത്യം ജ്വലിക്കും.
- ഇത്രയം സ്നേഹം...

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 July 2018, 18:48