കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സി.ബി.സി..ഐ പ്രസിഡന്‍റ്  കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സി.ബി.സി..ഐ പ്രസിഡന്‍റ്  

കുമ്പസാര നിരോധനാവശ്യം മതസ്വാതന്ത്ര്യ ലംഘനം

കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാകമ്മീഷന്‍റെ ആവശ്യത്തിനെതിരെ ഭാരതത്തിലെ ക്രൈസ്തവ സഭകള്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇന്ത്യയില്‍ കുമ്പസാരമെന്ന കൂദാശ നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍റെ   ആവശ്യം ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിന്‍റെ പ്രത്യക്ഷ ലംഘനമാണെന്ന് ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ- സിബിസിഐയുടെ,  അദ്ധ്യക്ഷന്‍ ബോംബെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അപലപിക്കുന്നു.

കുമ്പസാരമെന്ന കൂദാശയുമായി ബന്ധപ്പെട്ട് സ്ത്രീപീഢന വിവാദം ഉയര്‍ന്ന   പശ്ചാത്തലത്തില്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മയാണ് കുമ്പസാരം നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ഈ വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും കുമ്പസാരമെന്ന കൂദാശയുടെ സ്വഭാവത്തെയും പൊരുളിനെയും പവിത്രതയെയും ക്രൈസ്തവര്‍ അതിനു കല്പിക്കുന്ന പ്രാധാന്യത്തെയുംകുറിച്ച് ഈ കമ്മീഷനുള്ള അജ്ഞതയെയാണ് ഇതു വെളിപ്പെടുത്തുന്നതെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ശനിയാഴ്ച (28/07/18) ഒരു പ്രസ്താവനയിലൂടെ പ്രതികരിച്ചു.

പാപസങ്കീര്‍ത്തന കൂദാശയുടെ ഫലമായ ആദ്ധ്യത്മിക ഗുണങ്ങള്‍ക്ക്, അതായത്, ഈ കൂദാശ തങ്ങള്‍ക്കു പ്രദാനം ചെയ്ത കൃപയ്ക്കും പാപമോചനത്തിനും സമാധാനത്തിനും നൂറ്റാണ്ടുകളുടെ ഗതിയില്‍ സാക്ഷ്യമേകിയിട്ടുള്ള വ്യക്തികള്‍ ദശലക്ഷങ്ങളാണെന്നും അദ്ദഹം പറഞ്ഞു.

ദേശീയ വനിതാകമ്മീഷന്‍റെ ബുദ്ധിശൂന്യമായ ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുമെന്ന പ്രത്യാശയും  കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രകടിപ്പിച്ചു.

കേരളസഭയുടെ പ്രതികരണം

വനിതാകമ്മീഷന്‍റെ നിലപാടിനെതിരെ കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്‍റെ  പ്രതിഷേധം ശക്തമാണ്.

കെസിബിസി

സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയെന്ന നിക്ഷിപ്ത താത്പര്യം വനിതാകമ്മീഷന്‍റെ ഈ ആവശ്യത്തില്‍ മറഞ്ഞിരിപ്പുണ്ടെന്ന കേരളത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച്ബിഷപ്പ് മരിയ കലിസ്റ്റ് സൂസൈ പാക്യം സന്ദേഹം പ്രകടിപ്പിച്ചു.

കമ്പസാരം നിരോധിക്കണമെന്ന വനിതാകമ്മീഷന്‍റെ ആവശ്യത്തിനെതിരെ കേരളത്തിലെ കത്തോലിക്കാമെത്രാന്‍സംഘം പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

മലങ്കരകത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ്

വനിതാകമ്മീഷന്‍റെ ഈ ആവശ്യം ഭരണഘടനാ സ്വാതന്ത്ര്യത്തിന്‍റെയും വിശ്വാസജീവിതത്തിന്‍റെയും മേലുള്ള കടന്നുകയറ്റമാണെന്ന് മലങ്കരകത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ കുറ്റപ്പെടുത്തി.‌

ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍

ദേശീയ വനിതാ കമ്മീഷന്‍ മുന്നോട്ടുവച്ച കുമ്പസാര നിരോധനാവശ്യം വ്യക്തിയുടെ വിശ്വാസസ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കാമായെ കാണാനാകുകയുള്ളുവെന്നും ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണിതെന്നും ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രതികരിച്ചു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2018, 13:28