Cerca

Vatican News
ഈശോ അപ്പം വര്‍ദ്ധിപ്പിച്ചു നല്കി ഈശോ അപ്പം വര്‍ദ്ധിപ്പിച്ചു നല്കി 

അഞ്ചപ്പവും രണ്ടുമീനും : പങ്കുവയ്ക്കലിന്‍റെ അത്ഭുതം

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 6,1-15. ഫാദര്‍ വില്യം നെല്ലിക്കല്‍ പങ്കുവച്ച ആണ്ടുവട്ടം 17-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം.
ശബ്ദരേഖ - സുവിശേഷചിന്തകള്‍ 290718 ​​XVII B

മനുഷ്യന്‍റെ വിശപ്പറിഞ്ഞ തമ്പുരാന്‍ 
വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം പ്രതിപാദിക്കുന്ന ക്രിസ്തു അപ്പം വര്‍ദ്ധിപ്പിച്ച സംഭവമാണ് ഇന്നത്തെ ധ്യാനവിഷയം (യോഹ. 6,1-15). അവിടുന്ന് ഗലീലിയാ തടാകതീരത്തെ മലംപ്രദേശത്താണ് നില്ക്കുന്നത്. വലിയൊരു ജനാവലി ചുറ്റും കൂടിയിട്ടുണ്ട്. ക്രിസ്തു പ്രവര്‍ത്തിച്ച അത്ഭുത രോഗശാന്തികളാണ് ഇത്രയേറെ ജനങ്ങളെ ചുറ്റും കൂട്ടിയത് (2). ദൈവിക കാരുണ്യത്താല്‍ അവിടുന്ന് അവരുടെ ശാരീരികവും ആത്മീയവുമായ നിരവധി ആലസ്യങ്ങള്‍ അകറ്റിയിരുന്നു. എന്നാല്‍ ക്രിസ്തു സൗഖ്യദായകന്‍ മാത്രമല്ല, ഗുരുനാഥന്‍ കൂടിയാണ് : അതുകൊണ്ടാണ് അവിടുന്ന് ജനങ്ങളെ പഠിപ്പിക്കുന്നതിന് ദൈവികതയുടെ പരിവേഷമായ ഉന്നതപീഠത്തില്‍, മലമുകളില്‍ നിലയുറപ്പിച്ചത്. എന്താണ് താന്‍ ചെയ്യുന്നതെന്ന് നല്ല ധാരണയുള്ള ക്രിസ്തു ശിഷ്യന്മാരെ പരീക്ഷിക്കുന്നു. ചുറ്റുംകൂടിയ വലിയ പുരുഷാരത്തിന് എന്തെങ്കിലും ഭക്ഷിക്കുവാന്‍ കൊടുക്കണമെന്ന് ശിഷ്യന്മാരോട് അവശ്യപ്പെട്ടു. പന്ത്രണ്ടു ശിഷ്ന്മാരില്‍ ഒരാളായ ഫലിപ്പോസാണ് പെട്ടെന്ന് കണക്കുകൂട്ടി പറഞ്ഞത്.  ഇത്രയും പേര്‍ക്കായി 200 ദാനാറായ്ക്ക് അപ്പം വാങ്ങിയാലും അത് ഒന്നും ആകില്ലെന്നായിരുന്നു ഫിലിപ്പോസിന്‍റെ പ്രതികരണം.

കമ്പോളമനഃസ്ഥിതിയും പങ്കുവയ്ക്കല്‍ സംസ്ക്കാരവും
അപ്പോള്‍ കൈവശം അഞച് അപ്പവും രണ്ടു മീനുമുള്ള ഒരു ബാലനെ സൈമണ്‍ പത്രോസിന്‍റെ സഹോദരന്‍, അന്ത്രയോസ് കണ്ടെത്തി. എന്നാല്‍ ഇത്ര വലിയ പുരുഷാരത്തിന് ഇതെന്താവാനാണെന്ന് ആക്ഷേപ രൂപേണ അന്ത്രയോസു പറഞ്ഞു (9). എന്നാല്‍ ക്രിസ്തു അതുതന്നെയാണ് പ്രതീക്ഷിച്ചതും, അവരുടെ വിശ്വാസരാഹിത്യം! ജനാവലിയെ അവിടെ ഇരുത്തുവാന്‍ അവിടുന്ന് ആവശ്യപ്പെട്ടു. എന്നിട്ട് അപ്പവും മീനുമെടുത്ത്, പിതാവിന് കൃതജ്ഞതാസ്തോത്രംചൊല്ലി, വാഴ്ത്തി, വിഭജിച്ച് അവര്‍ക്കു നല്കി (11). ശിഷ്യന്മാരുടെ കമ്പോള മനസ്ഥിതിക്ക് വിരുദ്ധമായി പങ്കുവയ്ക്കലിന്‍റെ യുക്തിയും സംസ്ക്കാരവുമാണ് നാം ഇവിടെ കാണുന്നത്. ക്രിസ്തുവിന്‍റെ ഈ ചെയ്തികള്‍ അവിടുന്ന് അനുഷ്ഠിക്കുവാന്‍ പോകുന്ന അന്ത്യത്താഴ വിരുന്നിന്‍റെ മുന്നോടിയായിരുന്നു. അവിടുന്ന് അപ്പത്തിന് നിഗൂഢമായ ഒരാന്തരീകാര്‍ത്ഥം നല്കുകയാണിവിടെ! –തന്‍റെ ശരീരം ആത്മീയഭോജ്യമായ് ലഭ്യമാക്കുന്നതിന്‍റെ പ്രതീകമാണത്! കാരണം ദൈവിക മന്ന, അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള അപ്പം ക്രിസ്തുതന്നെയാണ്. അവിടുന്നുമായുള്ള ദൈവികകാരുണ്യത്തിന്‍റെ കൂട്ടായ്മയില്‍, ദിവ്യകാരുണ്യക്കൂട്ടായ്മയില്‍ മനുഷ്യര്‍ സ്വര്‍ഗ്ഗീയ ജീവനില്‍ പങ്കുകാരാകുന്നു. അങ്ങനെ നാം ദൈവപിതാവിന്‍റെ മക്കളും പരസ്പരം സഹോദരങ്ങളുമായി രൂപാന്തരപ്പെടുന്നു. ഉത്ഥിതനും സജീവനുമായ ക്രിസ്തുവിനെയാണ് ദിവ്യകാരുണ്യത്തില്‍ നാം അനുഭവിക്കുന്നത്. ക്രിസ്തുവിന്‍റെ സ്വയാര്‍പ്പണത്തിന്‍റെയും സ്വന്തമായ പകുത്തുനല്കലിന്‍റെയും പങ്കുവയ്ക്കലിന്‍റെയും യുക്തിയില്‍ നാം പങ്കുചേരുന്നത് ദിവ്യകാരുണ്യത്തിലാണ്.

ദൈവത്തെ തേടുന്നവര്‍!
പാവങ്ങളായിരിക്കെ നമുക്കും പങ്കുവയ്ക്കാനാകണം. അതിനാല്‍ ദിവ്യകാരുണ്യ സ്വീകരണം ക്രിസ്തുവിന്‍റെ കൃപയില്‍ പങ്കുചേരുന്ന പ്രക്രിയയാണ്. കൂടാതെ, നാമും നമുക്കുള്ളതില്‍നിന്നും മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുള്ള കൃപ അതിലൂടെ നമുക്കു ലഭിക്കും. വിജനപ്രദേശത്തുവച്ച് അപ്പം വര്‍ദ്ധിപ്പിച്ച സംഭവത്തിലുണ്ടായ സന്തോഷത്തില്‍ ജനം മതിമറന്നുപോയിരുന്നു. എന്നാല്‍ വിശക്കുന്ന മനുഷ്യന് ക്രിസ്തു നല്കുന്ന ഭോജ്യം ആത്മീയ ജീവന്‍റെ സമൃദ്ധിയും പൂര്‍ണ്ണതയുമാണ്. ശാരീരികമായ വിശപ്പു മാത്രമല്ല അതുവഴി ക്രിസ്തു ശമിപ്പിക്കുന്നത്, യഥാര്‍ത്ഥത്തില്‍ ജീവിതത്തിന്‍റെ പൊരുള്‍ തേടുന്ന മനുഷ്യന്‍റെ ദൈവത്തിനായുള്ള പൊരിയുന്ന പശി അല്ലെങ്കില്‍ ആത്മീയ വിശപ്പ് അടക്കുവാന്‍ ക്രിസ്തുവിനു കഴിവുണ്ടെന്നാണ് സുവിശേഷ സംഭവം വ്യക്തമാക്കുന്നത്.

പങ്കുവയ്ക്കലിന്‍റെ സ്നേഹവിരുന്നുകള്‍
അവിടുന്ന് നിങ്ങളെ വിശിഷ്ടഭോജ്യങ്ങള്‍കൊണ്ട് വിരുന്നൂ‌ട്ടും (ഏശയ 25, 6) എന്ന വചനം ഹൃദയസ്പര്‍ശിയും ആശ്വാസദായകവുമാണ്. കാരണം ഏറ്റവും വലിയ തീ വയറ്റിലെ തീയാണ്, വിശപ്പാണ്! മനുഷ്യര്‍ക്ക് വിശക്കുമ്പോള്‍ എനിക്ക് സ്വസ്ഥമായിരിക്കാനാകുമോ. പാപ്പാ ഫ്രാന്‍സിസിന് തന്‍റെ ജനന്മദിവും മറ്റു തിരുനാളുകളും ആഘോഷിക്കാറില്ല. എന്നാല്‍ തന്‍റെ നാമഹേതുക തിരുനാളിലും പിറന്നാളിലുമെല്ലാം റോമിലെ പാവങ്ങള്‍ക്ക് കോളാണ്. All of us are responsible for everything and I even more….! എല്ലാവരും എല്ലാറ്റിനും ഉത്തരവാദികളാണ്. എനിക്ക് അതിലേറെയും..എന്ന മനോഭവാത്തിലായിരിക്കാം ഈ പങ്കുവയ്ക്കലിന്‍റെ സ്നേഹവിരുന്നകള്‍! പാവങ്ങള്‍ക്കൊപ്പം പാപ്പായും ആ വരുന്നുണ്ണുന്നതും ശ്രദ്ധേയമാണ്.

ഗന്ധര്‍വ്വഗായകന്‍ പള്ളുരുത്തി സെന്‍റ് സെബാസ്റ്റ്യന്‍സ് സ്ക്കൂളില്‍ പഠിക്കുന്ന കാലമൊക്കെയും സഹപാഠിയുടെ വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കേണ്ടി വന്നു. ചോറില്ലാതെയും ചോറു മറന്നും സ്ക്കൂളില്‍ പോയപ്പോഴെല്ലാം അമ്മുമ്മ മദ്ധ്യാഹ്നമാകുമ്പോള്‍ പൊതിച്ചോറുമായി ക്ലാസ്സിന്‍റെ ജാലകത്തില്‍ പ്രത്യക്ഷപ്പെടും. എല്ലാവരും ഉച്ചയ്ക്ക് ഊണു കഴിക്കുമ്പോള്‍ അതില്ലാതെ വെള്ളം കുടിച്ച് വയറു നിറച്ചിരുന്ന കൂട്ടുകാരനും പൊങ്ങള്‍ക്കും ഒരുനാള്‍ വച്ചുനീട്ടിയത് കൈവശമുണ്ടായിരുന്ന ഒരു പൊതി കടലയാണ്. അവരുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരിയും
ആ പൊട്ടുളം വാങ്ങാന്‍ നീട്ടിയ കുഞ്ഞിക്കൈകളും ഇന്നും മനസ്സിനെ ആര്‍ദ്രമാക്കുന്നു. ഇതെല്ലാം ദൈവം തരുന്ന വിശിഷ്ട ഭോജ്യത്തിന്‍റെ നന്ദിയോടെ ഓര്‍ക്കേണ്ട അടയാളങ്ങളല്ലേ (സങ്കീര്‍ത്തനം 23, 5)!


വിശപ്പാണു യഥാര്‍ത്ഥ പ്രശ്നം
അഭ്യസ്തവിദ്യരെന്നു സ്വയം അഭിമാനിക്കുന്ന കേരളത്തില്‍ ഭക്ഷണം മേഷ്ടിച്ച ചെറുപ്പക്കാരനെ നാട്ടുകാര്‍ തല്ലിക്കൊന്ന കഥ പഴയതല്ല! ഇതില്‍നിന്നും വ്യത്യസ്ഥമായി ഇറ്റലിയില്‍ സംഭവിച്ച നല്ലൊരു കാര്യം പറയട്ടെ! ഇവിടത്തെ ഉന്നതകോടതിയില്‍ നിന്നുണ്ടായ ഒരു വിധിവാചകമാണത്. അലഞ്ഞുതിരിയുന്ന ഉക്രേനിയക്കാരന്‍, ഏതോ ഒരു ഓസ്ട്രിയാക്കോ ഭക്ഷണം മോഷ്ടിച്ചു എന്ന പേരില്‍ വിചാരണചെയ്യുമ്പോഴായിരുന്നു അത്. വിശക്കുന്നവന് ആഹാരം അവകാശമാണെന്നും, അതിനെ കവര്‍ച്ചയായി കരുതേണ്ട ബാധ്യതയില്ലെന്നുമായിരുന്നു വിധിവാചകം! Right to survival prevails over one’s property! എന്ന തലക്കെട്ടിലാണ് ആ വിധി പത്രങ്ങളില്‍ വാര്‍ത്തയായത്. മനുഷ്യപ്പറ്റുള്ളവര്‍ക്ക് പണ്ടേ അത് പിടിത്തം കിട്ടിയിട്ടുള്ളതാണ്.
ഇതൊക്കെത്തന്നെയാണ് തന്‍റെ കാലത്തോട് ക്രിസ്തു പറയാന്‍ ശ്രമിച്ചത്. ഗോതമ്പു പാടത്തെ നുള്ളിക്കളവിനോട് അന്നത്തെ ധാര്‍മ്മിക സിങ്കങ്ങള്‍ മുരണ്ടപ്പോള്‍, ഇതൊരു ചീളു-കേസാണെന്നു അവിടുന്നു പറഞ്ഞ് അതു തള്ളിയില്ലേ!! എന്നിട്ട് തന്‍റെ മുത്തഛന്‍ ദാവീദിനു വിശന്നപ്പോള്‍ പുരോഹിതര്‍ക്കുമാത്രം അവകാശപ്പെട്ട കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും കൂട്ടുകാര്‍ക്കു കൊടുക്കുകയും ചെയ്ത പഴങ്കഥ പറഞ്ഞ് അതിനെ നേരിടുകയും ചെയ്തു.  വിശപ്പാണു സര്‍, യഥാര്‍ത്ഥ പ്രശ്നം! എന്നിട്ടേ ദൈവവിചാരംപോലും നടക്കൂ. അതുകൊണ്ട് ദൈവം ദരിദ്രരുടെ മുന്‍പില്‍ അവതരിക്കുന്നത് അപ്പമായിട്ടാണ് (മഹാത്മാഗാന്ധി)!


അപരന്‍റെ വിശപ്പിനെക്കുറിച്ചുള്ള കരുതല്‍
ഭക്ഷണം പങ്കുവയ്ക്കുക എന്നതായിരുന്നു സാംസ്ക്കാരിക മനുഷ്യന്‍റെ പരിണാമത്തിലെ ആദ്യ ചുവടുവയ്പ്. ഭക്ഷണത്തിനായി അര്‍ത്ഥിക്കുകയും, അതിനെ വാഴ്ത്തുകയും ചെയ്തതായിരുന്നു അവരുടെ ആദ്യ പ്രാര്‍ത്ഥനകള്‍. ഭാരതീയ പാരമ്പര്യത്തില്‍ ദൈവത്തിനു നേദിക്കാതെ നമുക്കു ഭക്ഷിക്കാന്‍ അവകാശമില്ല. അങ്ങനെ ഭക്ഷണം പ്രസാദമായി മാറുന്നു – നേര്‍ച്ച!! പുതിയ നിയമത്തില്‍ നൈവേദ്യം!  അതെടുത്ത് കൃതജ്ഞതപറഞ്ഞ് വാഴ്ത്തിയാണ് വിളമ്പുന്നതും ഭക്ഷിക്കുന്നതും. മലയോരത്തെ അത്ഭുതകരമായ വിരുന്നിനുശേഷം ഒന്നും കളയാതെ ശേഖരിച്ചെടുക്കുവിന്‍ എന്നാണ് ക്രിസ്തു തന്‍റെ ശിഷ്യന്മാരോട് അനുശാസിച്ചത്.  “അഞ്ചപ്പം,” എന്നത് ചിലവുകുറഞ്ഞ ഒരു റെസ്റ്റോറന്‍റാണ്. മനുഷ്യന്‍റെ വിശപ്പിനെ ഭാവാത്മകമായി നേരിടുന്ന രീതിയാണത്. ചെറിയ തൊഴിലാളികള്‍ക്കും അലഞ്ഞു നടക്കുന്നവര്‍ക്കുമൊക്കെ ആദരപൂര്‍വ്വം അന്നം വളിമ്പുന്നൊരിടം.... വളരെ ലളിതമായ... 

ഒപ്പം ചിലവു കുറഞ്ഞൊരു ഭോജനശാല. അപരന്‍റെ വിശപ്പിനെക്കുറിച്ചുള്ള കരുതലാണ് ഒരു മനുഷ്യന്‍റെ ധാര്‍മ്മികത. വിശപ്പ് ഒരിക്കലും ഒടുങ്ങുന്നില്ല. നമ്മുടെ അസ്തിത്വത്തിന്‍റെ ജീവത്തായ അടയാളമാണത്. അതിനാല്‍ ജീവിതത്തില്‍ അപരനെക്കുറിച്ചു കരുതലുള്ളവരായിരിക്കാം. പങ്കുവയ്ക്കാം, വിശിഷ്യ എളിയവരെക്കുറിച്ച്. അപ്പോള്‍ സമൃദ്ധിയുണ്ടാകും, നമ്മില്‍ ദൈവം അവിടുത്തെ കൃപയുടെ സമൃദ്ധി വര്‍ഷിക്കും...! നല്കുമ്പോഴാണ്... ലഭിക്കുന്നത്!!!


ഉള്ളതില്‍നിന്നും കൊടുക്കുക! 
മനുഷ്യയാതനകളുടെയും, ഏകാന്തതയുടെയും, ദാരിദ്ര്യത്തിന്‍റെയും ജീവിതപരിസരങ്ങളില്‍ നമുക്ക് എന്തു ചെയ്യാനാകും, എന്നു ചിന്തിക്കേണ്ടതാണ്. അങ്ങനെയുള്ള അവസരങ്ങളില്‍ ആവലാതിപ്പെടുന്നതോ വേവലാതിപ്പെടുന്നതോ പ്രതിവിധിയല്ല, മറിച്ച് നമ്മാല്‍ കഴിവുള്ളത് ചെയ്യുകയാണു വേണ്ടത്. സുവിശേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചെറുബാലനെപ്പോലെ നാമും ഉള്ളതില്‍നിന്നും സന്തോഷത്തോടെ പങ്കുവയ്ക്കുവാന്‍ തയ്യാറാവണം. തീര്‍ച്ചയായും നമുക്കൊക്കെ ഏറെ സമയവും കഴിവും, ചിലപ്പോള്‍ വൈദഗ്ദ്ധ്യവുമുണ്ട്! എന്നാല്‍ ആര്‍ക്കാണ് ‘അഞ്ച് അപ്പവും രണ്ടു മീനുമില്ലാത്തത്?’  ഉള്ളത് പാവങ്ങളെപ്രതി ദൈവകരങ്ങളില്‍ സമര്‍പ്പിക്കാനായാല്‍, അവിടുന്ന് ഇന്നും നമ്മുടെ ജീവിതങ്ങളിലും ജീവിതചുറ്റുപാടുകളിലും വീണ്ടും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. അങ്ങനെ പങ്കുവയ്ക്കലിലൂടെ നമ്മുടെ ലോകത്ത് കൂടുതല്‍ സ്നേഹവും, സമാധാനവും, നീതിയും, എല്ലാറ്റിനും ഉപരി സന്തോഷവും വളരുവാന്‍ ഇടയാകും. സന്തോഷമാണ് നമ്മുടെ ലോകത്ത് ഇല്ലാത്തത്! മനുഷ്യഹൃദയങ്ങളില്‍ സന്തോഷമില്ല. ഐക്യദാര്‍ഢ്യത്തിനായുള്ള നമ്മുടെ ചെറിയ പരിശ്രമങ്ങളെ ഫലവത്താക്കുവാനും, സമ്പന്നമാക്കുവാനും ക്രിസ്തുവിനു സാധിക്കും. അങ്ങനെ നമ്മെയും ദൈവികദാനങ്ങളില്‍ അവിടുന്നു പങ്കുകാരാക്കും. നന്മുടെ ജീവിതങ്ങളെ സന്തോഷഭരിതമാക്കും! ആത്മീയാനന്ദത്താല്‍ നിറയ്ക്കും!!

ദൈവം തരുന്ന സ്വര്‍ഗ്ഗീയ മന്നയിലേയ്ക്ക് എന്നും നമ്മെ നയിക്കുവാന്‍ പ്രാര്‍ത്ഥനയ്ക്ക് കരുത്തുണ്ട്. അത് മാന്യമായ ജീവിതത്തിന് വഴിയൊരുക്കും. സ്നേഹവും പങ്കുവയ്ക്കലും ജീവിതത്തില്‍ ഉറപ്പു വരുത്തും. 

28 July 2018, 13:00