തിരയുക

Cardinale Indiano, Oswald Gracias  Cardinale Indiano, Oswald Gracias  

"ഹുമാനെ വീത്തെ" മഹാദാനം

മനുഷ്യജീവനെന്ന ദാനത്തെ ആശ്ലേഷിക്കുകയും പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നതില്‍ സഭ അചഞ്ചല, കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്

ജോയി കരിവേലി , വത്തിക്കാന്‍ സിറ്റി

വാഴ്‍ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ ചാക്രികലേഖനം “ഹുമാനെ വീത്തെ” അഥവാ, “മനുഷ്യ ജീവന്‍” നമുക്കോരോരുത്തര്‍ക്കും നല്കപ്പെട്ട മഹാ സമ്മാനമാണെന്ന് ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ- സിബിസിഐയുടെ,  അദ്ധ്യക്ഷന്‍ ബോംബെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്.

1968 ജൂലൈ 25ന് പുറപ്പെടുവിക്കപ്പെട്ട ഈ ചാക്രികലേഖനത്തിന്‍റെ അമ്പതാം വാര്‍ഷികത്തിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവന.

മനുഷ്യജീവനെന്ന ദാനത്തെ ആശ്ലേഷിക്കുകയും പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുകയെന്ന തീരുമാനത്തില്‍ സഭ എന്നും അചഞ്ചലയായി നിലകൊള്ളുന്നുവെന്നു അദ്ദേഹം പറഞ്ഞു.

ക്രിസ്തീയജീവിതത്തിന്‍റെയും വിവാഹത്തിന്‍റെയും കുടുംബത്തിന്‍റെയും അന്യാധീനപ്പെടുത്താനാവാത്തതും അലംഘനീയവുമായ മൂല്യങ്ങളെ ഉറക്കെ പ്രഘോഷിക്കുന്ന ചാക്രികലേഖനം “ഹുമാനെ വീത്തെ” സഭയ്ക്ക് ഒരു മാഹാദാനമാകയാല്‍ ഈ രേഖയെക്കുറിച്ചു മനനംചെയ്യാന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ്  ഗ്രേഷ്യസ് വൈദികരെ ക്ഷണിച്ചു.

വൈദികരുടെ മാതൃകയായി വിളങ്ങുന്ന വിശുദ്ധ ജോണ്‍ മരിയ വിയാന്നിയുടെ തിരുന്നാള്‍ ദിനത്തിന്‍റെ തലേന്ന്, അതായത്, ആഗസ്റ്റ് 3, ഒന്നാം വെള്ളിയാഴ്ച, ഈ ചാക്രികലേഖനത്തെക്കുറിച്ചു ധ്യാനിക്കാന്‍ ഉചിതമായ ഒരു ദിനമായി കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി.

ദരിദ്രരില്‍ ദരിദ്രരായവരെയും മദ്യത്തിനും തൊഴില്‍രാഹിത്യത്തിനുമെതിരെ പോരാടുന്ന കുടുംബങ്ങളെയും പരിത്യക്തരെയും സേവിച്ചുകൊണ്ട് ജീവനോടു തുറവുകാട്ടാനും ഗര്‍ഭസ്ഥശിശുക്കള്‍ക്കും വൃദ്ധജനത്തിനും മനുഷ്യക്കടത്തിനിരകളായവര്‍ക്കും   ഏകാന്തതയനുഭവിക്കുന്നവര്‍ക്കും കുടിയേറ്റക്കാര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും   സംരക്ഷണം ഉറപ്പാക്കാനും അദ്ദേഹം വൈദികര്‍ക്കും രൂപതാസമൂഹത്തിനു മൊത്തത്തിലും പ്രചോദനം പകര്‍ന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 July 2018, 13:26