Card. Gracias e Modi Card. Gracias e Modi 

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം ഇന്ത്യയ്ക്കെതിരായ ആക്രമണംതന്നെ!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പങ്കുവച്ച വസ്തുതകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണം ഇന്ത്യ്ക്കെതിരായ ആക്രമണം തന്നെയാണെന്ന് കര്‍ദ്ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു. മാര്‍ച്ച് 20-Ɔο തിയതി ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഡല്‍ഹിയില്‍ വാര്‍ത്താ ഏജെന്‍സികള്‍ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇങ്ങനെ പ്രസ്താവിച്ചത്.

പ്രധാനമന്ത്രിയുമായുള്ള 20 മിനിറ്റു നീണ്ട കൂടിക്കാഴ്ചയില്‍ ഇന്ന് ഇന്ത്യയില്‍ അങ്ങുമിങ്ങുമായി നടക്കുന്ന ന്യൂപക്ഷങ്ങള്‍ക്കും ന്യൂപക്ഷസ്ഥാപനങ്ങള്‍ക്കും, വിശിഷ്യ ക്രൈസ്തവര്‍ക്കെതിരെ നടത്തപ്പെടുന്ന ആക്രമണങ്ങളെക്കുറിച്ച് സംസാരിച്ചതായി ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തലവനും മുംബൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വെളിപ്പെടുത്തി. മതസ്വാതന്ത്ര്യ നിയമത്തെ അതിലംഘിച്ചും അടിസ്ഥാന മനുഷ്യാവകാശത്തെ നിഷേധിച്ചുകൊണ്ടുമുള്ള ഈ ആക്രമണങ്ങള്‍ ഭാരതത്തിന്‍റെ സമഗ്രതയെ തകര്‍ക്കുന്നതാണെന്നും, അതിനാല്‍ അത് രാഷ്ട്രത്തിന് എതിരായ പ്രതിയോഗികളുടെ ആക്രമണമാണെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വിശേഷിപ്പിച്ചു. പാര്‍ളിമെന്‍ററി മന്ദിരത്തില്‍വച്ചു നടന്ന കൂടിക്കാഴ്ച സൗഹൃദപൂര്‍ണ്ണവും ഏറെ പ്രത്യാശ പകരുന്നതുമായിരുന്നെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വാര്‍ത്താ ഏജെന്‍സികളെ അറിയിച്ചു.

രാഷ്ട്രത്തിന്‍റെ പുനര്‍നിര്‍മ്മിതിയില്‍ വിദ്യാഭ്യാസം, ആരോഗ്യം, ഐക്യദാര്‍ഢ്യം എന്നീ തലങ്ങളില്‍ സഭ എന്നും ഇന്ത്യന്‍ ജനതയ്ക്കു നല്കിയിട്ടുള്ള സേവനങ്ങളെ പ്രധാനമന്ത്രി ശ്ലാഘിച്ചതായി കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. രാഷ്ട്രം വലിയ പ്രതിസന്ധികള്‍ നേരിടുന്ന കാലഘട്ടത്തില്‍ ഇന്ത്യന്‍ ദേശീയതയുടെ അഖണ്ഠതയ്ക്കും വളര്‍ച്ചയ്ക്കുമായി സഭ ഏറെ സംയമനത്തോടെ സഹകരിക്കുകയും സഹിഷ്ണുതയോടെ പ്രവര്‍ത്തിക്കേണ്ടതുമാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു.

ലോകത്തിന് ഇന്ന് സമാരാധ്യനും എല്ലാ മതസ്ഥര്‍ക്കും ഒരുപോലെ സ്വീകാര്യനുമായ പാപ്പാ ഫ്രാന്‍സിസിന്‍റെ ഭാരത സന്ദര്‍ശനത്തെക്കുറിച്ചു പ്രധാനമന്ത്രിയോട് സംസാരിച്ചതായി കര്‍ദ്ദിനാള്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ജനനന്മയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവുമാണ് സര്‍ക്കാരിന്‍റെ പ്രഥമതഃയുള്ള പ്രവര്‍ത്തന ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതായും, ജാതിമത ഭേദമെന്യേ ഇന്ത്യന്‍ ജനതയ്ക്കുവേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്നും പ്രസ്താവിച്ചതായി കര്‍ദ്ദിനാള്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരായി, വിശിഷ്യ ക്രൈസ്തവര്‍ക്കെതിരായി കേട്ട അക്രമങ്ങളെക്കുറിച്ച് പഠിക്കുകയും അന്വേഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്കിയതായി കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വാര്‍ത്താഏജെന്‍സികളെ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 July 2018, 19:33